ബെംഗളൂരു: ബയോകോൺ എം.ഡി. കിരൺ മജുംദാർ ഷായുടെ അമ്മ യാമിനി മജുംദാറുടെ പേര് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതായി പരാതി. കഴിഞ്ഞവർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളിലും 87 വയസ്സുള്ള യാമിനി വോട്ടുചെയ്തിരുന്നു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പേര് ഒഴിവാക്കിയതായാണ് പരാതി. 19 വർഷമായി യാമിനി മജുംദാർ കോറമംഗലയിലാണ് താമസം.
അമ്മയുടെ പേര് വോട്ടർപട്ടികയിൽ കാണുന്നില്ലെന്ന് കുറച്ചുദിവസം മുമ്പ് കിരൺ ട്വീറ്റ് ചെയ്തിരുന്നു. വോട്ടർപട്ടിക പരിശോധിച്ചപ്പോഴാണ് പേര് ഒഴിവാക്കിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. എന്തുകാരണത്താലാണ് പേര് നീക്കിയതെന്ന് അറിയില്ലെന്നും 21 വയസ്സുമുതൽ വോട്ടുചെയ്ത് വരികയാണെന്നും അവർ പറഞ്ഞു.
സൂക്ഷ്മപരിശോധനയ്ക്കായി ഉദ്യോഗസ്ഥർ ആരും വീട്ടിൽ വന്നിട്ടില്ലെന്നും പിന്നെങ്ങനെയാണ് പേര് ഒഴിവാക്കാൻ കഴിഞ്ഞതെന്നും കിരൺ ചോദിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾതന്നെ അന്വേഷണം നടത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ് കുമാർ പറഞ്ഞു.
പ്രാഥമികാന്വേഷണത്തിൽ യാമിനി മൂന്നുമാസം രാജ്യത്തിനുപുറത്ത് താമസിച്ചതായും ഇവർ താമസിച്ചിരുന്ന വീട്ടിൽ മറ്റൊരാളാണ് ഇപ്പോൾ താമസിക്കുന്നതെന്നുമായിരുന്നു കണ്ടെത്തിയത്. നടപടിക്രമങ്ങൾക്കുശേഷമാണ് പേര് നീക്കിയതെന്നും ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനാൽ പേരുചേർക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.