കൊച്ചി: കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന് ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില അല്പം മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയുമായിരുന്നു.
അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല. യുഡിഎഫ് സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന കെ എം മാണി ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച വ്യക്തി കൂടിയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.