ബെംഗളൂരു: ധാർവാഡിലെ കുമരേശ്വര നഗറിൽ നിർമാണത്തിലിരിക്കുന്ന വ്യാപാര സമുച്ചയം തകർന്നുവീണ് രണ്ടുപേർ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി. 40-ഓളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രാത്രിവൈകിയും രക്ഷാപ്രവർത്തനം തുടർന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് മൂന്നുനില കെട്ടിടം തകർന്നത്.
നിർമാണം പൂർത്തിയായ ഒന്നും രണ്ടും നിലകളിലായി കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു. ഇവിടത്തെ ജീവനക്കാരും സാധനം വാങ്ങാനെത്തിയവരുമാണ് കുടുങ്ങിക്കിടക്കുന്നത്. ചൊവ്വാഴ്ച നിർമാണപ്രവൃത്തികൾ നടന്നിരുന്നില്ല. കെട്ടിടത്തിനുതാഴെയുള്ള പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിട്ട വാഹനങ്ങളും തകർന്നു. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ വിനയ് കുൽക്കർണിയുടെ ഭാര്യാപിതാവ് ഗംഗാധർ ഷിൻഡ്രെ അടക്കം മൂന്നുപേരുടെ ഉടമസ്ഥതയിലാണ് കെട്ടിടം.
രക്ഷപ്പെടുത്തിയവരെ ധാർവാഡ് ജില്ലാ ആശുപത്രിയിലും ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡെപ്യൂട്ടി കമ്മിഷണർ എം. ദീപയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകളും കേന്ദ്ര ദുരന്തനിവാരണസേനയും പോലീസുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. കൂടുതൽ രക്ഷാപ്രവർത്തകരെ സ്ഥലത്തെത്തിക്കാൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിർദേശം നൽകി. ആവശ്യമെങ്കിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസുകൾ ഉപയോഗിക്കാനും നിർദേശമുണ്ട്.
സമീപത്തെ ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത്. 20 ആംബുലൻസുകൾ പൂർണസജ്ജമായി സ്ഥലത്തുണ്ട്. രണ്ടുവർഷമായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടമാണിത്. നിർമാണത്തിലെ അപാകതയാണ് തകർന്നുവീഴാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. നിർമാണം പൂർത്തിയാക്കുന്നതിനുമുമ്പേ കടമുറികൾ വാടകയ്ക്ക് നൽകിയത് ഗുരുതര നിയമലംഘനമായാണ് വിലയിരുത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.