മാണ്ഡ്യയിൽ വേനൽച്ചൂടിനേക്കാൾ വർധിച്ചുതുടങ്ങി തിരഞ്ഞെടുപ്പുചൂട്!!

ബെംഗളൂരു: മാണ്ഡ്യയിൽ സ്ഥാനാർഥിപ്രഖ്യാപനത്തിന് മുമ്പുതന്നെ തെന്നിന്ത്യൻ ചലച്ചിത്രതാരം സുമലത ഇവിടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മോഹനവാഗ്ദാനങ്ങൾക്കും കടുത്ത സമ്മർദങ്ങൾക്കുമൊന്നും അവരെ പിന്തിരിപ്പിക്കാനായിട്ടില്ല.

അനേകം അനുയായിയാണ് മുൻ കോൺഗ്രസ് നേതാവും മുൻമന്ത്രിയും നടനുമായ അംബരീഷിന്റെ ഭാര്യയെന്ന നിലയിൽ ഈ മണ്ഡലത്തിൽ സുമലതയ്ക്ക് ഉള്ളത്. ഭർത്താവിന്റെ മരണശേഷം രാഷ്ട്രീയപ്രവേശത്തിന് ഒരുങ്ങുന്ന അവർക്ക് പ്രതിയോഗിയായെത്തുന്നത് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയാണ്.

വലിയ ജനപങ്കാളിത്തമാണ് സുമലതയുടെ പ്രചാരണപരിപാടികളിലെല്ലാം കാണുന്നത്. കടുത്ത ചൂടിലും അവരെ കാണാൻ ആളുകളെത്തുന്നു. രാവിലെമുതലേ തിരക്കിലാണ് സുമലത. ഇടവേളയിൽ അവർ തന്റെ ലക്ഷ്യങ്ങളും നിലപാടുകളും തുറന്നുപറയുന്നു. പല ചോദ്യങ്ങൾക്കും സുമലതയുടെ മറുപടി ഇങ്ങനെ…

●മാണ്ഡ്യയിൽ മത്സരിക്കാനുറച്ചുതന്നെയാണോ?

തീർച്ചയായും മത്സരിക്കും. ഈ തിരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയത്തിലേക്കിറങ്ങാൻ തീരുമാനിച്ചു. അതിൽനിന്ന് ഇനി പിന്നോട്ടില്ല.

●മാണ്ഡ്യയിൽ ജെ.ഡി.എസ്. സ്ഥാനാർഥിയായി നിഖിലിനെ പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ മൈസൂരുവിലേക്ക് മാറാൻ സമ്മർദമുണ്ടോ?

സമ്മർദമുണ്ടെങ്കിലും മണ്ഡലം മാറാനില്ല. മത്സരിക്കുന്നുണ്ടെങ്കിൽ അത് മണ്ഡ്യയിൽനിന്ന് മാത്രമായിരിക്കും.

●സ്വതന്ത്ര സ്ഥാനാർഥിയായിട്ടാകുമോ മത്സരം?

തീർച്ചയായും. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യത്തിൽ ദൾ അവരുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാനാണ് ഉദ്ദേശിക്കുന്നത്.

●ബി.ജെ.പി.യുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടോ?

അവരുടെ തീരുമാനം വരട്ടെ അപ്പോൾ ആലോചിക്കാം. നിലവിൽ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഭാവിയിൽ ലഭിക്കുമോ എന്നും അറിയില്ല.

●രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനത്തിനുപിന്നിൽ?

മാണ്ഡ്യയിലെ ജനങ്ങൾക്ക് എന്നെ ആവശ്യമാണ്. അവരുടെ ആഗ്രഹമാണ് എന്റെ സ്ഥാനാർഥിത്വം. അംബരീഷിന്റെ ആരാധകരും കടുത്ത സമ്മർദം ചെലുത്തി.

●എതിർസ്ഥാനാർഥി നിഖിൽ കുമാരസ്വാമിയെക്കുറിച്ചുള്ള അഭിപ്രായം?

നിഖിലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അവരുടെ പ്രവർത്തകർക്കിടയിൽത്തന്നെ ആശയക്കുഴപ്പമുണ്ട്. ഞാനും നിഖിലും രാഷ്ട്രീയത്തിൽ പുതിയതാണ്. ഞങ്ങൾക്ക് മുൻപരിചയമില്ല.

●ഭർത്താവിന്റെ മരണത്തിനുപിന്നാലെ രാഷ്ട്രീയത്തിലിറങ്ങേണ്ട കാര്യം സുമതലയ്ക്കുണ്ടോ എന്ന മന്ത്രി രേവണ്ണയുടെ അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു?

ഇത്തരം പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്.

●പ്രചാരണസമയത്ത് ജനങ്ങളിൽനിന്നുള്ള പ്രതികരണം?

ജനങ്ങൾ വളരെ ആവേശത്തിലാണ്. അംബരീഷിനോടുള്ള ഇഷ്ടം എന്നോടും കാണിക്കുന്നു.

●സ്വതന്ത്രസ്ഥാനാർഥിയായി വിജയിച്ചാൽ കേന്ദ്രത്തിൽ ആരെ പിന്തുണയ്ക്കും? യു.പി.എ., എൻ.ഡി.എ., മൂന്നാംമുന്നണി?

ആദ്യം വിജയമാണ് ലക്ഷ്യം. അതിനുശേഷമേ ഇത്തരം കാര്യങ്ങൾ ചിന്തിക്കുകയുള്ളൂ.

കോൺഗ്രസ് സ്ഥാനാർഥിയായി സുമലത മാണ്ഡ്യയിൽ മത്സരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയതോടെ സുമലതയുടെ നിലപാടിലും മാറ്റമുണ്ടായി. ബി.ജെ.പി.യുടെ പിന്തുണ സ്വീകരിക്കില്ലെന്നായിരുന്നു ആദ്യ നിലപാട്. എന്നാൽ, പിന്തുണയുടെ കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നാണ് മറുപടി. മുൻ മുഖ്യമന്ത്രിയും മുതിർന്നനേതാവുമായ എസ്.എം. കൃഷ്ണയുമായുള്ള കൂടിക്കാഴ്ച ബി.ജെ.പി.യിലേക്കുള്ള പോക്കിന്റെ ആദ്യപടിയെന്നാണ് സൂചന.

കഴിഞ്ഞവർഷമാണ് കോൺഗ്രസ് വിട്ട് എസ്.എം. കൃഷ്ണ ബി.ജെ.പി.യിലെത്തിയത്. സുമലതയ്ക്കെതിരേ സ്ഥാനാർഥിയെ നിർത്തേണ്ടെന്ന് ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, പാർട്ടിയിലെത്തിക്കാൻ കഴിഞ്ഞാൽ മാണ്ഡ്യയിൽ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് നേതാക്കൾ. മാണ്ഡ്യയിൽ സ്വതന്ത്രസ്ഥാനാർഥിയായി സുമലത മത്സരിച്ചാൽ ബി.ജെ.പി. പിന്തുണയ്ക്കുമെന്നാണ് കൂടിക്കാഴ്ചയിൽ കൃഷ്ണ അറിയിച്ചത്.

സുമലതയ്ക്ക് കന്നഡ സിനിമാപ്രവർത്തകരുടെ പിന്തുണയുമുണ്ട്. സീറ്റ് ജനതാദൾ-എസിന് വിട്ടുകൊടുത്തതിൽ അമർഷമുള്ള നേതാക്കളും പിന്തുണയറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുമലതയെ പിന്തുണയ്ക്കുന്നത് നേട്ടമാകുമെന്നാണ് ബി.ജെ.പി. കണക്കുകൂട്ടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us