ബെംഗളൂരു: യെലങ്കഹയില്‍ വ്യോമസേനയുടെ എയറോ ഷോ പരിസരത്തുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ ദൃക്സാക്ഷികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. എയറോ ഇന്ത്യയുടെ വളണ്ടിയറായെത്തിയ അഭിഷേക് തീപ്പിടുത്തതിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇവരുടെ ടെന്റിനടുത്ത് എന്തോ കത്തുന്നത് കണ്ട് ഇയാള്‍ ടീമംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കുറ്റിക്കാടില്‍ എന്തോ കത്തുന്നതാണെന്നാണ് ഇവര്‍ കരുതിയത്. മിനുട്ടുകള്‍ക്കുള്ളില്‍ പാര്‍ക്കിംഗ് മേഖലയിലെ ഒരറ്റത്ത് നിന്ന് തീകത്തി തുടങ്ങുകയും പിന്നീട് വന്‍ തീപ്പിടുത്തമായി മാറുകയുമായിരുന്നു.
കാറുകള്‍ പലതും പൊട്ടിത്തെറിച്ചെന്ന് അഭിഷേക് പറഞ്ഞു. സ്ഫോടനം നടക്കുമ്പോള്‍ നിരവധി ഡ്രൈവര്‍മാര്‍ കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. താനും സുഹൃത്തും ചേര്‍ന്ന് കാറിന്റെ വാതിലില്‍ മുട്ടി വിളിച്ച് ഇവരെ ഉണര്‍ത്തിയാണ് പുറത്തെത്തിച്ചത്. ഭാഗ്യം കൊണ്ടാണ് അവരൊക്കെ രക്ഷപ്പെട്ടത്. 15ലധികം പേരെ ഇത്തരത്തില്‍ രക്ഷപ്പെടുത്താനായി. തീ അതിവേഗം പടര്‍ന്ന് പിടിക്കുകയായിരുന്നു.
ഇവരെ രക്ഷപ്പെടുത്തിയതിന് ശേഷമാണ് അഗ്നിശമന പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയത്. കടുത്ത പുകയില്‍ മൂടിയിരുന്നു ആ സമയം. പലര്‍ക്കും ശ്വാസ തടസം വരെയുണ്ടായിരുന്നു. കാറിന്റെ ടയറുകള്‍ കത്തിയത് കൊണ്ട് വിഷപുകയായി മാറുകയായിരുന്നു.
തീകത്തി പടരാന്‍ തുടങ്ങി 20 മിനുട്ടുകള്‍ക്കുള്ളില്‍ അഗ്നിശമന സേനാ പ്രവര്‍ത്തര്‍ എത്തിയത് ആശ്വാസമായെന്ന് അഭിഷേക് പറയുന്നു. നിരവധി കാറുകളാണ് പൊട്ടിത്തെറിച്ചത്. ഇവിടെ വെച്ച് ആരോ സിഗരറ്റ് വലിച്ച് എറിഞ്ഞത് കൊണ്ടാണ് ഇത്ര വലിയ സ്ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്. 300ൽ അധികം വാഹനങ്ങള്‍ കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.