ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനം പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ നിയമിച്ചുകൊണ്ട് എല്ലാവരേയും ഞെട്ടിച്ചിരിയ്ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് 47കാരിയായ പ്രിയങ്കയ്ക്ക് നല്‍കിയിട്ടുള്ളത്. പ്രിയങ്കയുടെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ഇത്. മുന്‍പ് പ്രയങ്ക രാഹുല്‍ഗാന്ധിക്കും അമ്മ സോണിയ ഗാന്ധിക്കും വേണ്ടി പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ പ്രിയങ്ക ചുമതല ഏറ്റെടുക്കും.
പ്രിയങ്കയ്ക്കൊപ്പം ജോതിരാദിത്യ സിന്ധ്യയെ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജനറല്‍ സെക്രട്ടറിയായും, കെ സി വേണുഗോപാലിനെ ജനറല്‍ സെക്രട്ടറി(സംഘാടക) യായും നിയമിച്ചിട്ടുണ്ട്. അതേസമയം വേണുഗോപാല്‍ കര്‍ണാടക എ ഐ സി സി ജനറല്‍ സെക്രട്ടറിയുടെ ചുമതലയില്‍ തുടരുകയും ചെയ്യും.
നേരത്തെ ഗുലാംനബി ആസാദാണ് ഉത്തര്‍പ്രദേശിലെ എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത്. അദ്ദേഹം ഹരിയാനയിലേക്ക് മാറിയതോടെയാണ് പ്രിയങ്കയ്ക്ക് ആ പദവി നല്‍കിയത്.
അതേസമയം, വലിയ രാഷ്ട്രീയ വെല്ലുവിളികള്‍ ഏറ്റെടുത്താണ് പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും ഉത്തര്‍പ്രദേശിലേക്ക് വരുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയങ്കയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വെല്ലുവിളികളെ നേരിടാന്‍ കഴിവുള്ള അതിനായി കഠിനദ്ധ്വാനം ചെയ്യുന്ന ആളാണ് തന്റെ സഹോദരിയെന്നും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമേഠിയില്‍ പര്യാടനം നടത്തുന്നതിനിടയിലാണ് രാഹുല്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിച്ചത്.
പ്രിയങ്ക ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തില്‍ പ്രിയങ്കയാണ് തീരുമാനമെടുക്കേണ്ടതെന്നും, ബാക്ക് ഫൂട്ടില്‍ നിന്ന് ഞങ്ങള്‍ ഇനി കളിക്കില്ല എന്നുമായിരുന്നു രാഹുലിന്റെ മറുപടി.
പാര്‍ട്ടിക്കായി കഠിനദ്ധ്വാനം ചെയ്യാനും ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാനും കഴിവുള്ളവരാണ് ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്കയും. ഈ രണ്ട് യുവനേതാക്കളെ യുപിയിലേക്ക് അയക്കുക വഴി കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ഞങ്ങള്‍ യുപി ജനതയ്ക്ക് നല്‍കുന്നത്. ഉത്തര്‍പ്രദേശിന് ഞങ്ങള്‍ പുതിയൊരു വഴി കാണിക്കും. ഉത്തര്‍പ്രദേശിനെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കി മാറ്റാന്‍ ഇവര്‍ക്കാവും. വെറും രണ്ട് മാസത്തേക്കല്ല ജ്യോതിരാതിദ്യ സിന്ധ്യയേയും പ്രിയങ്കയേയും ഉത്തര്‍പ്രദേശിലേക്ക് അയച്ചത്. തിരഞ്ഞെടുപ്പിന് ശേഷവും അവരവിടെ തുടരും.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മൂല്യങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാനാണ് അവരെ നിയോഗിച്ചത്. പാവപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും, യുവാക്കള്‍ക്കും ഒപ്പം നില്ക്കുന്ന പുതിയ രാഷ്ട്രീയവും നയവും യുപിയില്‍ ഇനിയുണ്ടാവും.
അതേസമയം മായാവതി-അഖിലേഷ് യാദവ് സംഖ്യത്തെ നേരിടാനല്ല പ്രിയങ്കയേയും ജ്യോതിരാദിത്യ സിന്ധ്യയേയും നിയോഗിച്ചിരിക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. മായാവതിക്കും അഖിലേഷിനുമെതിരെ ഞങ്ങള്‍ക്ക് ഒന്നും പ്രവര്‍ത്തിക്കാനില്ല. എസ്.പിയും ബിഎസ്പിയുമായി എവിടെ വച്ചും ഏതു ഘട്ടത്തിലും സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.