പുഷ്പങ്ങളുടെ വൈവിധ്യം ആസ്വദിക്കാൻ ലാൽബാഗിലേക്ക് സന്ദർശക പ്രവാഹം

ബെംഗളൂരു: പുഷ്പങ്ങളുടെ വൈവിധ്യം ആസ്വദിക്കാൻ ലാൽബാഗിലേക്ക് സന്ദർശക പ്രവാഹം. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പുഷ്പമേളയുടെ മുഖ്യ ആകർഷണമാണ് പുഷ്പങ്ങൾകൊണ്ട് നിർമിച്ച ഗാന്ധിയും സബർമതി ആശ്രമവും. 12 അടി ഉയരമുള്ള ധ്യാനത്തിലിരിക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ, ആറടി ഉയരമുള്ള ഫൈബർ ഗ്ലാസ് പ്രതിമ, സബർമതി ആശ്രമം തുടങ്ങിയവ സന്ദർശകരെ ആകർഷിക്കുന്നു. 209-ാമത് ലാൽബാഗ് പുഷ്പമേളയാണ് ഇത്. ഗാന്ധിജിയുടെ 150-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ മുഖ്യപ്രമേയമാക്കിയത്.

കർണാടക ചിത്രകലാ പരിഷത്ത് പ്രിൻസിപ്പൽ ജിതേന്ദ്ര ഭാവ്‌നിയാണ് ആറടി ഉയരമുള്ള ഫൈബർഗ്ലാസ് പ്രതിമ നിർമിച്ചത്. 20 തൊഴിലാളികൾ 15 ദിവസം കൊണ്ടാണ് ആശ്രമം നിർമിച്ചത്. 2.4 ലക്ഷം റെഡ് റോസ് പൂക്കൾ, 3.2 ലക്ഷം ജമന്തിപ്പൂക്കൾ, 80,000 ഓറഞ്ച് റോസ്‌ എന്നിവ ഉപയോഗിച്ചാണ് ആശ്രമം അലങ്കരിച്ചിരിക്കുന്നത്. ഡാർജിലിങ് സിംബിഡിയം പൂക്കൾ ആദ്യമായി ലാൽബാഗ് പുഷ്പമേളയിൽ ആസ്വദിക്കാമെന്ന പ്രത്യേകതയുമുണ്ട്. ലാൽബാഗിനുള്ളിലുള്ള തടാകത്തിലെ കൃത്രിമ വെള്ളച്ചാട്ടവും സന്ദർശകർക്ക് ആസ്വദിക്കാം. പുഷ്പമേള തീരുന്നതുവരെ എല്ലാ ദിവസവും പത്തുതവണ വെള്ളമൊഴുക്കും.

എല്ലാവർഷവും സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനത്തിനുമാണ് ലാൽബാഗിൽ പുഷ്പമേള സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള സന്ദർശകർ പുഷ്പമേള ആസ്വദിക്കാൻ എത്താറുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ മേള റിപ്പബ്ലിക്ദിനം കഴിയുന്നതു വരെയുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us