ബംഗളൂരു: കർണാടകയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. “ഓപ്പറേഷന് ലോട്ടസ്” വിജയം കണ്ടു വരുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കർണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ പുറത്താക്കാനുള്ള നീക്കം കൂടുതല്‍ ശക്തമാക്കി ബിജെപി. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപി താവളത്തില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. കോൺഗ്രസ് എംഎൽഎയായ പ്രതാപ് ഗൗഢ പാട്ടീൽ ആണ് ഇന്ന് പുലർച്ചയോടെ മുംബൈയിലെ ഹോട്ടലിൽ എത്തിച്ചേർന്നത്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിക്കൊപ്പമെത്തിയതായാണ് പുതിയ സൂചന.
നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളതെന്നാണ് വിവരം. അതേസമയം ഇവരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്. എംഎല്‍എമാരെ തിരിച്ച് കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാര്‍ മുന്‍പേതന്നെ മുംബൈയില്‍ എത്തിച്ചേര്‍ന്നിരുന്നു. ആഭ്യന്തര മന്ത്രി എം ബി പാട്ടിൽ മുംബയിൽ എത്തി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും.
കര്‍ണാടകയില്‍ “ഓപ്പറേഷന് ലോട്ടസ്” വിജയം കണ്ടു വരുന്നതായി ബിജെപി നേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ റാം ഷിന്‍ഡേ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൂടാതെ, കോണ്‍ഗ്രസ് ജെഡിഎസ്-സര്‍ക്കാര്‍ തകരുമെന്നും റാം ഷിന്‍ഡേ വിശദമാക്കി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ്-സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
എന്നാല്‍, 13 എംഎൽഎമാരെയെങ്കിലും രാജിവയ്പ്പിച്ചാല്‍ മാത്രമേ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ വഴിതെളിയൂ.
അതേസമയം, കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ഇന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. മുഴുവന്‍ എംഎല്‍എമാരും ബംഗളൂരുവില്‍ എത്താന്‍ നിര്‍ദേശം നല്കിയിരികുകയാണ്. എംഎല്‍എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു.
അതേ സമയം ബിജെപി എംഎല്‍എമാര്‍ ഹരിയാനയില്തന്നെ തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.