തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊല്ലം ബൈപ്പാസിന്റെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്ശന് പദ്ധതിയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും. കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിലും മോദി സംസാരിക്കും.
വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന മോദി ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. 4.50-ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ ബൈപാസ് ഉദ്ഘാടനത്തിന് ചെയ്തശേഷം അഞ്ചരയ്ക്ക് കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബിജെപി പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
രാത്രി 7.15 ന് ആണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം. അതേസമയം കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും സ്ഥലം എംഎല്‍എയെയും മേയറെയും ഒഴിവാക്കി ബിജെപി നേതാക്കളെ ഉള്‍പ്പെടുത്തിയത് വിവാദമായി.
നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപ്പാസ്സ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്. ഏത് സര്‍ക്കാരിന്റെ നേട്ടമെന്നതും ഉദ്ഘാടകനെ ചൊല്ലിയും വലിയ വിവാദങ്ങളാണ് ഉണ്ടായിരുന്നത്. ഒടുവില്‍ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സ്ഥലത്തെ ഇടത് എംഎല്‍എമാരെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയതും ചര്‍ച്ചയായി.
ബൈപ്പാസ് കടന്നുപോകുന്ന ഇരവിപുരത്ത എംഎല്‍എ എം നൗഷാദിനെയും ചവറയിലെ വിജയന്‍പിള്ളയെയും മേയറെയും ആദ്യം തഴഞ്ഞു. രാത്രിയോടെ വിജയന്‍പിള്ളയെ ഉള്‍പ്പെടുത്തി.
അതേസമയം, നേമത്തെ എംഎല്‍എ ഒ.രാജഗോപാലിനെയും ബിജെപി എംപിമാരായ സുരേഷ് ഗോപിയെയും വി.മുരളീധരനെയും ചടങ്ങിലേക്ക് ക്ഷണിച്ചത് വിവാദത്തിന് തിരികൊളുത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മയും ജി. സുധാകരനും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനം കൊടുത്ത പട്ടിക ഡല്‍ഹിയില്‍ നിന്നും വെട്ടിത്തിരുത്തിയെന്നാണ് ആക്ഷേപം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.