മനീതി സംഘം മലകയറാന്‍ എത്തിയപ്പോള്‍ പരസ്പരം പഴിചാരി സര്‍ക്കാറും ഹൈക്കോടതി നിരീക്ഷക സമിതിയും.

കൊച്ചി: യുവതീ പ്രവേശന വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോർഡും പൊലീസും ആണെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. തീരുമാനം ബോര്‍ഡിനെ അറിയിച്ചു. ഹൈക്കോടതി ഉത്തരവിൽ സ്ത്രീപ്രവേശന വിഷയത്തിൽ ഇടപെടാൻ നിരീക്ഷക സമിതിക്കു നിർദ്ദേശം നൽകിയിട്ടില്ലെന്നും സമിതി പരിശോധിക്കുന്നത് അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മകൾ അടക്കമുള്ള വിഷയങ്ങളാണെന്നും സമിതി ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.

ശബരിമല ദര്‍ശനത്തിന് മനിതി സംഘടനയിലെ 11 അംഗ സംഘം ശബരിമല ദര്‍ശനത്തിനെത്തുകയും പമ്പയില്‍ പ്രതിഷേധം കനക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതി നിരീക്ഷക സമിതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ശബരിമലയിലെ പ്രത്യേക സാഹചര്യത്തില്‍ ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക സമിതി വിലയിരുത്തുമെന്നാണ് കരുതുന്നതെന്നും സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നുമായിരുന്നു കടകംപള്ളിയുടെ പ്രതികരണം.  ശബരിമലയിലെ പ്രത്യേകം സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി രണ്ട് മുതിര്‍ന്ന ജഡ്ജിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും അടങ്ങുന്ന മൂന്നംഗ നിരീക്ഷക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അവരുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശബരിമലയിലെ കാര്യങ്ങള്‍ ചെയ്യുന്നത്. നിരീക്ഷകസമതി ഇക്കാര്യം പരിശോധിച്ച് നിലപാട് അറിയിച്ചാല്‍ സര്‍ക്കാര്‍ അക്കാര്യം നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനയുടെ നേതാവ് ശെല്‍വിയടക്കമുള്ള 11 അംഗ സംഘം ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പുലര്‍ച്ചെ മൂന്നരയോടെ പമ്പയിലെത്തിയ സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. നാല് മണിക്കൂറിലേറെയായി പമ്പയില്‍ തുടരുകയാണ്. ഒരു വശത്ത് പ്രതിഷേധക്കാരും മറുവശത്ത് യുവതീസംഘവും കുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം തുടരുകയാണ്.

പൊലീസ് ശെല്‍വിയടക്കമുള്ള യുവതികളുമായി അനുനയ ചര്‍ച്ച നടത്തിയെങ്കിലും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മനിതി സംഘം. വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനോടൊപ്പം പ്രതിഷേധവും ശക്തമാകുന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള സംഘം മനിതി സംഘവുമായി ചര്‍ച്ച നടത്താനാണ് ശ്രമിക്കുന്നത്. അതേസമയം മനിതി സംഘത്തിലെ കൂടുതല്‍ ആളുകള്‍ ശബരിമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് മനിതി സംഘം നേതാവ് സെല്‍വി വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us