പാലക്കാട്: ‘കേരള ചിക്കൻ പദ്ധതി’യുടെ ജില്ലയിലെ ആദ്യ ബ്രഹ്മഗിരി കോഴി ജനുവരിയിൽ ലഭ്യമാവും.
മിതമായ വിലയിൽ കോഴി ലഭ്യമാക്കുന്നതിനായി ബ്രഹ്മഗിരി ഫാർമേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയാണിത്. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ജനുവരിയിൽ പാലക്കാട്, മണ്ണാർക്കാട്, അലനല്ലൂർ, തച്ചമ്പാറ എന്നിവിടങ്ങളിലായി തുടങ്ങുന്ന ഔട്ട്ലറ്റുകൾ ഘട്ടം ഘട്ടമായി കൂട്ടും.
കിലോഗ്രാമിന് 87-90 രൂപ നിരക്കിൽ കോഴി ലഭ്യമാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യഘട്ടത്തിൽ വയനാട്ടിൽ നിന്നുള്ള കോഴികളെയാണ് എത്തിക്കുക.
പാലക്കാട് ജില്ലയിലെ കൊമ്പം, മലപ്പുറം ജില്ലയിലെ മഞ്ചേരി എന്നിവിടങ്ങളിലെ ഫാമുകളിൽ കോഴികളെ ഇറക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നുള്ള കോഴികളും വൈകാതെ ലഭ്യമാവും.
മലപ്പുറം ജില്ലയിൽ ഡിസംബർ 30-ന് ആറ് ഔട്ട്ലറ്റുകൾ പ്രവർത്തനം തുടങ്ങും. മാലിന്യസംസ്കരണത്തിനുള്ള സംവിധാനം വിപുലപ്പെടുത്തുന്നതിലുള്ള കാലതാമസമാണ് കൂടുതൽ ഔട്ട്ലറ്റുകൾ വൈകുന്നതിന് കാരണം.
ഇപ്പോൾ വില്പനകേന്ദ്രങ്ങളിൽ ഉണ്ടാവുന്ന കോഴിമാലിന്യം ബ്രഹ്മഗിരിയിലെ സംസ്കരണശാലയില്‍ കൊണ്ടുപോയി സംസ്കരിക്കും.
വില്പന കേന്ദ്രങ്ങളിൽ ദുർഗന്ധമോ മറ്റ് മലിനീകരണ പ്രശ്നങ്ങളോ ഇല്ലാത്ത മാലിന്യം പ്രത്യേകം ഫ്രീസറിൽ സൂക്ഷിക്കും. രണ്ട് ദിവസത്തിനകം ഇത് ബ്രഹ്മഗിരിയിലേക്ക് മാറ്റുകയും ചെയ്യും.
പാലക്കാട് മലപ്പുറം ജില്ലകളിൽ കോഴി മാലിന്യസംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതോടെ ദിവസം 1000 കിലോഗ്രം വരെ നല്കാവുന്ന കൂടുതൽ വില്പന കേന്ദ്രങ്ങൾ തുടങ്ങും.
പൂർണമായും അന്യ സംസ്ഥാന ലോബി നിയന്ത്രിക്കുന്ന കോഴി വിപണിയിലെ വിലയിൽ ഇടപെടൽ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.