പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന പ്രചാരണം, പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടത് പോലീസുകാരനടക്കം രണ്ടുപേര്‍

ലഖ്‌നൗ: കന്നുകാലിയെ കശാപ്പ് ചെയ്തുവെന്ന പ്രചരണത്തെ തുടര്‍ന്ന് യുപിയിലെ ബുലന്ദ്ഷഹറിലുണ്ടായ പ്രതിഷേധം അക്രമാസക്തമായി. സംഘർഷം ശാന്തമാക്കാനെത്തിയ നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും ഒരു പൊലീസ് ഓഫീസര്‍ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു. പ്രദേശവാസിയായ യുവാവാണ് കൊല്ലപ്പെട്ട മറ്റൊരാൾ.

ഗ്രാമത്തിനടുത്തുള്ള കാട്ടിൽ പശുക്കളെ കശാപ്പ് ചെയ്യുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കാനായി പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ഗ്രാമവാസികൾ രംഗത്തുവരികയും പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു.

കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സുബോധ് വർമ്മ നേരത്തെ ദാദ്രിയിൽനടന്ന ആൾക്കൂട്ട കൊലപാതകം അന്വേഷിക്കുകയും കേസിന് തുമ്പുണ്ടാക്കുകയും ചെയ്ത ഓഫീസറാണ്. അതുകൊണ്ടുതന്നെ പോലീസ് ഓഫീസറുടെ കൊലപാതകത്തിന് പിന്നിൽ കരുതിക്കൂട്ടിയുള്ള ആക്രമണം ഉണ്ടെന്ന് സംശയിക്കുന്നു.

സുബോദ് കുമാര്‍ സിംഗ് വെടിയേറ്റു മരിച്ചതാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. 2015-ല്‍ യുപിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ഗോസംരക്ഷകര്‍ അഖ്ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊന്ന കേസ് സുബോദ് കുമാര്‍ സിംഗ് അന്വേഷിച്ചിരുന്നു.

കലാപത്തിനിടെ സുബോദ് കുമാര്‍ സിംഗിനേയും സഹപ്രവര്‍ത്തകരേയും കലാപകാരികള്‍ ആദ്യം ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സുബോദ് കുമാര്‍ സിംഗിനേയും കൊണ്ട് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പോകും വഴി ഇവര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് എഡിജിപി അനന്ത്കുമാറിനെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജനങ്ങൾ പൊലീസിന് നേരെ കല്ലെറിഞ്ഞ് പ്രതിഷേധിച്ചതാണ് സംഘർഷത്തിനിടയായത്. പ്രദേശത്ത് ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് പൊലീസ് അറിയിച്ചു.

കൂടാതെ, സംഭവം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us