കമ്മ്യുണിസ്റ്റ് പിന്തുണയോടെ കോണ്‍ഗ്രെസ് ടിക്കറ്റില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ഥി;ശനി ശിഘ്നപൂരിലെ ഇടപപെടലിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസ്സിന്റെ അഭിനന്ദനം നേടിയെടുത്ത പോരാളി;ശരദ് പവാറിന്റെ അനന്തിരവന്‍ അജിത്‌ പവാറിനെ വരെ മുട്ടുകുത്തിച്ച ധീരത;കര്‍ണാടകയില്‍ ജനിച്ച് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന തൃപ്തി ദേശായിയെ അടുത്തറിയാം.

ബെംഗളൂരു : ഇന്ന് പുലര്‍ച്ചെ മുതല്‍ കേരളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേര് തൃപ്തി ദേശായിയുടെതാണ് . ഇന്ന് പുലര്‍ച്ചെ നാലരയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇപ്പോഴും വിമാനത്താവളത്തിനകത്ത്  കുടുങ്ങിക്കിടക്കുകയാണ്.

ആരാണ് ഈ തൃപ്തി ദേശായി? കൂടുതല്‍ ഇവിടെ വായിക്കാം:

കര്‍ണ്ണാടകയിലെ നിപാനിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കന്‍ മഹാരാഷ്ട്രയിലെ സ്വാമിയായ ഗഗന്‍ഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് ആശ്രമത്തിലെത്തിയപ്പോള്‍ അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പമായി തൃപ്തി.

പൂനൈയിലെ ശ്രീമതി നതിബാല്‍ ദാമോദര്‍ താക്കര്‍സേ വനിതാ സര്‍വ്വകലാശാലയില്‍ ഹോംസയന്‍സ് ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കുവാന്‍ സാധിച്ചില്ല.

2003-ല്‍ പൂനെയിലെ ചേരിനിവാസികള്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന  ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി സാമൂഹ്യപ്രവര്‍ത്തന രംഗത്ത് എത്തുന്നത്.

2007 ല്‍ എന്‍സിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ ഉള്‍പ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്ത് കൊണ്ടുവരുന്നതില്‍ മുന്‍നിരയില്‍ തൃപ്തി ഉണ്ടായിരുന്നു. അന്ന് സഹകരണ ബാങ്ക് കുംഭകോണത്തിന് ഇരയായ 29,000 പേര്‍ക്ക് തന്റെ നേതൃത്വത്തിലുള്ള പോരാട്ടത്തിലൂടെ നഷ്ടപ്പെട്ട തുക വാങ്ങിനല്‍കാന്‍ സാധിച്ചുവെന്നാണ് തൃപ്തി പറയുന്നത്. അന്ന് തൃപ്തിക്ക് വയസ് വെറും 22 ആയിരുന്നു.

2011 ലെ അണ്ണാഹസാരേയുടെ അഴിമതി വിരുദ്ധ ലോക്പാല്‍ സമരത്തിലും തൃപ്തിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

2010ലാണ് തൃപ്തി ഭൂമാത ബ്രിഗേഡ് ആരംഭിക്കുന്നത്. തുടക്കത്തില്‍ 40 പേരുമായി ആരംഭിച്ച സംഘടനയില്‍ ഇപ്പോള്‍ 5000ത്തോളം പേര്‍ ഉണ്ടെന്നാണ് തൃപ്തിയുടെ അവകാശവാദം. ലിംഗ വിവേചനത്തിന് എതിരെയാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം എന്ന് തൃപ്തി വ്യക്തമാക്കുന്നു.  ഭൂമാതാ ബ്രിഗേഡ് മതത്തിനും രാഷ്ട്രീയത്തിനും എതിരല്ലെന്ന് തൃപ്തി പറയുന്നു. ലിംഗവിവേചനത്തിനെതിരാണ് പോരാട്ടം.

രാജ്യത്തെ സ്ത്രീകള്‍ക്ക് നല്ല ദിവസം വരണമെന്നാണ് ആഗ്രഹം. സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് ലിംഗ വിവേചനം നിലനില്‍ക്കുന്നത് പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഇവര്‍ പറയുന്നു.

രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് തൃപ്തി. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ കമ്മുനിസ്റ്റ്‌ പാര്‍ട്ടി പിന്തുണയുള്ള  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു. അതേ സമയം അഹമ്മദ്‌നഗര്‍ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തിലെ പ്രക്ഷോഭകാലത്ത് ഇവര്‍ കോണ്‍ഗ്രസ് ഒളിപ്പോരാളിയെന്ന് വ്യാപകമായി ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തി.

എന്നാല്‍ തൃപ്തിക്ക് പിന്തുണയുമായി അന്ന് രംഗത്ത് എത്തിയത് ആര്‍എസ്എസ് ആയിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നേരിട്ട് തൃപ്തിയെ അഭിനന്ദിച്ചു.

2014 ല്‍  മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും സംഘടനയായ ഭൂമാതാ റാന്‍രാഗിണി ബ്രിഗേഡും ദേശീയ തലത്തില്‍ ശ്രദ്ധേയയായത്. അന്ന് തന്നെ താന്‍ ശബരിമലയിലും എത്തുമെന്ന് ഇവര്‍ അറിയിച്ചിരുന്നു.

ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ 400 കൊല്ലം പഴക്കമുള്ള സ്ത്രീപ്രവേശന വിലക്കാണ് തൃപ്തിയുടെ നേതൃത്വത്തില്‍ ഇല്ലാതാക്കിയത്. അതിന് മുംബൈ ഹൈക്കോടതിയുടെ വിധിയുടെ ബലവും ഉണ്ടായിരുന്നു.

ഇന്ന് തുടങ്ങിയതല്ല തൃപ്തിയുടെ ക്ഷേത്രപ്രവേശന പോരാട്ടങ്ങള്‍, പൂനൈ കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ക്ഷേത്ര ഭരണസമിതിയ്ക്ക് ഇതിന് എതിര്‍പ്പുണ്ടായില്ലെങ്കിലും പൂജാരിമാരായിരുന്നു തടസ്സം. തൃപ്തിയേയും പ്രതിഷേധക്കാരേയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിന് ശേഷമായിരുന്നു അഹമ്മദ്‌നഗര്‍ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് നടത്തിയ പോരാട്ടം. 2015 ഡിസംബര്‍ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എട്ട് ദിവസത്തിനകം പ്രവേശനം നല്‍കിയില്ലെങ്കില്‍ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായി തൃപ്തി.

ഏപ്രിലില്‍ തൃപ്തിയുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. നാസിക്കിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു.

അടുത്ത പോരാട്ടം മുംബൈ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെയായിരുന്നു. 2012-ലാണ് ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം തടഞ്ഞത്. ഈ വര്‍ഷം ഏപ്രിലില്‍ തൃപ്തി ദേശായുടെ നേതൃത്വത്തില്‍ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ തൃപ്തിയും കൂട്ടരും ശ്രമം നടത്തിയിരുന്നെങ്കിലും പ്രതിഷേധക്കാര്‍ കവാടത്തില്‍ തടഞ്ഞു.

ഒടുവില്‍ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ദര്‍ഗയില്‍ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

ഇതിന് ശേഷമാണ് ശബരിമലയിലേക്ക് തൃപ്തിയുടെ ശ്രദ്ധ തിരിഞ്ഞത്. 2015 ലാണ് ശബരിമല സംബന്ധിച്ച് ഇവര്‍ ആദ്യമായി ഒരു പ്രസ്താവന നടത്തിയത്. ജാതിമത ഭേദമില്ലാതെ സര്‍വ്വരും മലചവിട്ടിയെത്തിയിട്ടും ആര്‍ത്തവത്തിന്റെ പേരില്‍ ഒരു കൂട്ടം സ്ത്രീകളെ മലചവിട്ടാന്‍ അനുവദിക്കില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് അന്ന് തന്നെ ഇവര്‍ വ്യക്തമാക്കുന്നത്.

വിവാഹിതയാണ്. ഭര്‍ത്താവ് പ്രശാന്ത് ദേശായ്. എട്ട് വയസ്സുള്ള മകനുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us