15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്ത് എത്തി;20 കമാന്‍റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥര്‍;ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുന്ന പ്രത്യേക വാഹനവും തയ്യാര്‍..

സന്നിധാനം: ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ സന്നിധാനത്ത് 15 വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി. 50 വയസ്സിന് മുകളില്‍ പ്രായമുള്ള ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് നിയോഗിച്ചിരിക്കുന്നത്.

കൂടുതല്‍ സ്ത്രീകളെത്തിയാല്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇവരെ നിയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സിഐ- എസ്ഐ റാങ്കിലുളള  വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല ലഭിച്ചിരിക്കുന്നത്. ഇന്നലെ തന്നെ  വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ പമ്പയിലെത്തിയിരുന്നു. ഇന്ന് രാവിലെയാണ് അവര്‍ സന്നിധാനത്തേക്ക് എത്തിയത്. ആദ്യമായാണ് സന്നിധാനത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍‌ എത്തുന്നത്.

നട ഇന്ന് തുറക്കാനിരിക്കെ ശക്തമായ പോലീസ് കാവലിലാണ് ശബരിമല . 20 കമാന്‍റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ തന്നെ പൊലീസ് ശക്തമായ കാവൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.ജലപീരങ്കിയും കണ്ണീർവാതക ഷെല്ലുകൾ ഉതിർക്കുന്ന പ്രത്യേക വാഹനവും അടക്കമുള്ള എല്ലാ സന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. മുൻപ് സംഘർഷങ്ങളിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ മുഖം തിരിച്ചറിയുന്ന ക്യാമറകളും സ്ഥാപിച്ചു.

ഇന്നും നാളെയും  തിരിച്ചറിയല്‍കാര്‍ഡില്ലാതെ ആരെയും നിലയ്ക്കൽ മുതൽ കടത്തിവിടില്ല. തീർഥാടകരെ ഇന്ന് ഉച്ചയോടെയാകും പമ്പയിലേക്ക് കടത്തിവിടുക. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കിൽ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us