സിഗ്നൽ.

പ്രഭാതം ഉദ്യാനനഗരിയുടെ ഉന്മാദത്തിലേയ്ക്ക എത്തി നോക്കുന്നതിന് മുമ്പ് …….
നാട്ടിലേയ്ക്കുള്ള രാവിലത്തെ തീവണ്ടി കയാറാനുള്ള തത്രപ്പാടിൽ ഞാനും എന്നെ യാത്രയാക്കാനായി ഉറക്കച്ചടവോടെ മകനും ,അമ്മ സംസാരിച്ചാൽ വണ്ടി ഓടിക്കാൻ ബുദ്ധിമുട്ടാണ് എന്ന മകന്റെ ശാസനയിൽ ഞാൻ നാമങ്ങളെ കൂട്ടു പിടിച്ചു,
ഞങ്ങൾ യാത്രയായി
രാവിലെ നേരത്തെ ആയതു കൊണ്ട് വീഥികളൊക്കെയും വരാനിരിക്കുന്ന കോലാഹലങ്ങൾക്ക് സക്ഷ്യം വഹിക്കാൻ
തെല്ലിട നിശബ്ദമായിരുന്നു,
എങ്കിലും ഗതാഗത നിയന്ത്രിത വിളക്കുകൾ പച്ച, മഞ്ഞ ,ചുവപ്പ് എന്ന ക്രമത്തിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നു എത്രയും വേഗം ലക്ഷ്യത്തിലെത്തി ചേരാനുള്ള വ്യഗ്രതയിൽ ചുവപ്പ് നിറത്തോട് നീരസം തോന്നിയിരുന്നു .

വഴിയിൽ ഒരു ചുവപ്പുവട്ടം ഞങ്ങളേയും പിടിച്ചു നിർത്തി വെറുതെ പോകുന്ന ആ നിമിഷങ്ങളിൽ ഒന്നു തിരിഞ്ഞപ്പോൾ വിശപ്പിന്റെ വിളിയെ ശമിപിപ്പിക്കാനോ ….., കഴിഞ്ഞ രാത്രിയുടെ ഉറക്കച്ചടവിൽ നിന്നും പുലരുന്ന പ്രഭാതത്തിന്റെ ഉന്മേഷത്തിനു വേണ്ടിയോ, വഴിയരുകിലെ കാന വായിൽ തീ കത്തിച്ച് കഞ്ഞിയോ, കട്ടൻ ചായയോ വെയ്ക്കുന്നു,
പാവം ഒരു പടുവയസ്സൻ മുത്തശ്ശൻ !!
മാറി വന്ന പച്ച വട്ട വെളിച്ചത്തിൽ വണ്ടി നീങ്ങിയെങ്കിലും മനസ്സിന്റെ അകത്തളങ്ങളിൽ ചുവന്നു കത്തിനിന്നു, ആ കാന വായിലെ തീ !!! മായാതെ മാറി നിന്ന നിമിഷ നേരത്തെ പുലർകാലക്കാഴ്ച.

മനുഷ്യജീവിതത്തിന്റെ പല തട്ടുകളിലേതാണ് മുത്തശ്ശാ നിങ്ങളുടേത് …?
കാനവായിൽ കത്തിഎരിയുമ്പോൾ തിളക്കുന്ന വെള്ളത്തിന്റെയും പരിഷ്കൃത ഉപകരണങ്ങളിൽ തിളക്കുന്ന ജലത്തിന്റെയും ഊഷമാവു ഒന്ന്, അത് മൊത്തിക്കുടിക്കുമ്പോൾ കിട്ടുന്ന കട്ടൻ ചായ സുഖവും ഒരുപക്ഷേ ഒന്നു തന്നെയാവാം…

എങ്കിലും മട്ടുപ്പാവിലെ ശീതീകരിച്ച ഫ്ളാറ്റിലെ മുത്തശ്ശന് വേണ്ടി കിച്ചണിൽ താപമളക്കുന്ന ചുവന്ന അക്കങ്ങളുള്ള തീയില്ലാതെ തിളപ്പിക്കുന്ന ഉപകരണമല്ല കാനവായിലെ തീ… അതുകത്തിക്കുന്ന ആളുടെ അകം നീറ്റുന്ന ചുവന്ന തീ ആളുന്ന നെരിപ്പോടാണ് …
അനാഥത്വം പേറുന്ന ആത്മാക്കളുടെ വിശപ്പിന്റെയും രോഗങ്ങളുടെയും തീയാണ് !
ഈ തുടുത്ത കനൽച്ചൂ ടറിയുന്ന മനുഷ്യ ഹൃദയങ്ങൾ മട്ടുപ്പാവിൽ വസിക്കുന്ന മനുഷ്യർക്കുണ്ടോ? സാംക്രമിക രോഗങ്ങളും ,കീടാണുക്കളും കാനവയിൽ തീക്കൂട്ടുന്ന ഈ മുത്തശ്ശനെ ബാധിക്കുമ്പോൾ ,ആശുപത്രി വരാന്തകൾ പോലും അന്ന്യമാവുന്നു !! എല്ലാത്തിനും മൂക സാക്ഷിയായ
നഗരമേ … നിന്റെ ആർഭാടങ്ങളിൽ നിന്നും എത്ര അന്തരമുണ്ട് ഈ ജീവിതങ്ങൾക്ക് …..

പകലവൻ പതിഞ്ഞ്, പതിഞ്ഞ് ഉച്ചിയിലെത്തുമ്പോഴേയ്ക്കും പകൽ കാഴ്ച്ചകളുടെ ചെണ്ടമേളങ്ങളുടെ കുത്തൊഴുക്കിൽ ഈ പാവം മനുഷ്യ ജീവൻ പാതയോരങ്ങളിൽ എവിടെയോ മായാത്ത ചുവന്ന വെളിച്ചത്തിൽ ……….
” ജീവിത യാഥാർത്ഥ്യമറിയാതെ വീണു കിട്ടുന്ന ഗ്രീൻ സിഗ്നലുകളിലൂടെ ഞാനും യാത്രയായി.. ദൂരെ,സർവ്വ ചരാചരങ്ങളുടെയും യാത്രകളവസാനിപ്പിക്കാൻ കാത്തു നിൽക്കുന്ന റെഡ് സിഗ്നലിലേക്ക് ”

രതി സുരേഷ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us