ബെംഗളൂരു നഗരത്തില്‍ നിന്ന് ഒരു ദിവസം കൊണ്ട് പോയി വരാവുന്ന 25 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.

1)ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്. ദൂരം :36 കി മി.

പ്രശസ്തായ വിനോദ സഞ്ചാര കേന്ദ്രമാണ് ബന്നാർഘട്ട നാഷണൽ പാർക്ക്, മൃഗശാല, സ്നേക്ക് പാർക്ക് എന്നിവ മാത്രമല്ല, മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലൂടെ സഞ്ചരിക്കുന്ന ടൈഗർ, ലയൺ, എലിഫൻറ്  സഫാരികളും വ്യത്യസ്ഥമായ അനുഭവമാണ് നല്‍കുന്നത്. ഏതാനും മാസങ്ങള്‍ക്ക് ഉള്ളില്‍ ബട്ടർഫ്ലൈ പാർക്കും നിലവിൽ വരും.

2)വണ്ടര്‍ലാ ദൂരം : 36 കി മി

മലയാളിയായ കൊച്ചൌസേപ് ചിറ്റിലപ്പള്ളിയുടെ വിഗാര്‍ഡ് ഗ്രൂപ്പിന്റെതാണ് ഈ അമ്യുസ്മെന്റ് പാര്‍ക്ക്‌.ട്രിപ്പ്‌ അഡ്വൈസര്‍ ഇന്ത്യയിലെ ഏറ്റവും നല്ലതും ഏഷ്യയിലെ ഏഴാമത്തെയും അമ്യുസ്മെന്റ്റ് പാര്‍ക്ക്‌ ആയി വണ്ടര്‍ലാ യെ തെരഞ്ഞെടുത്തു. 55 ല്‍ അധികം വ്യത്യസ്തമായ റൈഡുകളും ജലവിനോദങ്ങളാലും സമ്പന്നമാണ് വണ്ടര്‍ലാ, വളരെ ഉയരത്തില്‍ ഉള്ള സ്കൈ വീല്‍ ഇവിടുത്തെ പ്രത്യേകതയാണ്,മാത്രമല്ല മ്യുസിക്കല്‍ ഫൌണ്ടയിന്‍,ലേസര്‍ ഷോ,റൈന്‍ ഡാന്‍സ് ഫ്ലോര്‍,മ്യുസിക് പൂള്‍ ഒരു മുഴുവന്‍ ദിവസം ആഘോഷിക്കാനുള്ള എല്ലാ സൌകര്യങ്ങളും അവിടെ ഉണ്ട്. വണ്ടര്‍ലായുടെ ഉള്ളില്‍ തന്നെ താമസസൌകര്യവും ലഭ്യമാണ്.

3)നന്ദി ഹില്‍സ് ദൂരം : 60 കി മി

നഗരത്തില്‍ ജീവിക്കുന്നവരുടെ ഒരു പ്രധാന വാരാന്ത്യ വിനോദ കേന്ദ്രമാണ് നന്ദി ഹില്‍സ്,സമുദ്ര നിരപ്പില്‍ നിന്ന് 1478 മീറ്റര്‍ ഉയരത്തില്‍ ആണ് നന്ദി ഹില്‍സ് സ്ഥിതി ചെയ്യുന്നത്,കര്‍ണാടക സര്‍ക്കാരിന്റെ ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിനു ആണ് നന്ദി ഹില്‍സിന്റെ പരിപാലന ചുമതല.കുറ്റവാളികളെ ഈ മലയില്‍ നിന്ന് താഴേക്ക്‌ വലിച്ചെറിഞ്ഞു കൊണ്ടാണ് ടിപ്പു സുല്‍ത്താല്‍ ശിക്ഷിച്ചിരുന്നത് എന്നത് ചരിത്രം.ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഒരു നന്ദി പ്രതിമയോടു കൂടിയ ക്ഷേത്രവും ഇവിടെ ഉണ്ട്.മേഘങ്ങള്‍ ഉള്ള രാവിലെകളില്‍ നന്ദി ഹില്‍സിലെ സൂര്യോദയം ഒരു വ്യത്യസ്തമായ അനുഭവമാണ്‌.

4)സാവനദുര്‍ഗ ഹില്‍സ് ദൂരം :56 കി മി

സമുദ്ര നിരപ്പില്‍ നിന്നും 1226 മീറ്റര്‍ ഉയരത്തില്‍ ആണ് ഈ ഹില്‍ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്,ട്രെക്കിങ്ങിന് താല്‍പര്യമുള്ളവര്‍ ഒരിക്കല്‍ സന്ദര്‍ശിക്കേണ്ട സ്ഥലമാണ്‌ ഇത്,മാഗടി ടൌണ്‍ ന് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് ബാംഗ്ലൂര്‍ നഗര ശില്പിയായ കെമ്പെഗൌഡ നിര്‍മിച്ച സ്തൂപങ്ങളും കാണാം,അര്‍ക്കാവതി നദി ഒഴുകുന്നത്‌ ഇവിടെ നിന്ന് നോക്കിയാല്‍ വളരെ ദൂരെയായി കാണാന്‍ കഴിയും.

5)അന്തരഗംഗെ ദൂരം :നഗരത്തിൽ നിന്ന് 68 കി മി.

ചെറിയ രീതിയിലുള്ള ട്രക്കിംഗിനും ക്യാമ്പിങ്ങിനും പറ്റിയ സ്ഥലം, നിറയെ ഉരുളൻ കല്ലുകളാൽ നിറഞ്ഞ ഇവിടെ ഒരു സിനിമയുടെ ഗാന ചിത്രീകരണം  നടത്താവുന്ന അന്തരീക്ഷം.

6)ദേവരായനദുര്‍ഗ ദൂരം : 71 കി മി

യോഗ നരസിംഹ ക്ഷേത്രം ആണ് ഇവിടുത്തെ പ്രധാനആകര്‍ഷണം,സമീപത്തു ഡി ഡി ഹില്‍സ് എന്നറിയപ്പെടുന്ന കുറെയധികം ചെറിയ കുന്നുകള്‍ ഉണ്ട്, ട്രെക്കിംഗ് താല്‍പര്യമുള്ളവര്‍ക്ക് ഒരു പ്രാവശ്യം സന്ദര്‍ശിക്കുന്നത് നഷ്ട്ടമാകില്ല.

7)ബില്ലിക്കല്‍ രംഗസ്വാമി ബെട്ട ദൂരം : 78 കി മി

ബെംഗളൂരു ഗ്രാമ ജില്ലയിലെ കനക്പുര താലൂക്കിലാണ് ബിലിക്കൽ ബെട്ട സ്ഥിതി ചെയ്യുന്നത്.ഈ കുന്നിന്റെ മുകളില്‍ രംഗസ്വാമി ക്ഷേത്രവും ഉണ്ട്.ഒരു വലിയ പാറക്കല്ല് കൊണ്ടാണ് ഈ ക്ഷേത്രത്തിന്റെ മേല്‍ക്കൂര പണി കഴിപ്പിച്ചിരിക്കുന്നത്,ക്ഷേത്ര പൂജാരി മാത്രമാണ് ഈ കുന്നിന്റെ മുകളില്‍ താമസിക്കുന്നത്.

പൂര്‍വ ഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പ്രകൃതി രമണീയമാണ്.

8)സ്കന്ദഗിരി ഹില്‍സ് ദൂരം : 62 കി മി

കര്‍ണാടകയിലെ പുരാതനമായ ഒരു മഠമായ “പാപഗ്നി മഠം”സ്ഥിതി ചെയ്യുന്നത് സ്കന്ദ ഗിരി കുന്നിന്‍ മുകളില്‍ ആണ്,വളരെ ശാന്തമായ ചുറ്റുപാട് ഉള്ള ഈ മഠത്തില്‍ നിന്ന് ദൈവ സാന്നിധ്യം അനുഭവവേദ്യമാകാവുന്നതാണ്,ശനിയാഴ്ചകളില്‍ പ്രത്യേക പൂജകള്‍ ഉണ്ട് ഇവിടെ.

9)ഭീമേശ്വരി നദി ദൂരം : 105 കി മി

വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, ട്രെക്കിംഗ്, പക്ഷി നിരീക്ഷണ സൗകര്യങ്ങൾ, കയാക്കിംഗ്, കൊറാക്കിൾ റൈഡ് എന്നിവക്കെല്ലാം അവസരം,സാഹസിക വിനോദങ്ങള്‍ ഇഷ്ട്ടപ്പെടുന്നവരെ  തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു ടൂറിസ്റ്റ് സ്പോട്ട്.

10) മേകെദാട്ടു : ദൂരം : 100 കി മി

തന്നെ ആക്രമിക്കാന്‍ വന്ന പുലിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ആട് (മേകെ) പുഴ ചാടിക്കടക്കുക(ദാട്ടൂ)യായിരുന്നു ആ സ്ഥലം പിന്നീട് മേകെദാട്ടു(ആട് മുറിച്ചു കടന്ന) എന്നാ പേരില്‍അറിയപ്പെട്ടു,കാവേരി നദിയുടെ ഏറ്റവും വീതി കുറഞ്ഞ സ്ഥലമാണ്‌ ഇത്,ഒരു ആടിന് മുറിച്ചു കടക്കാവുന്ന വീതി മാത്രമേ ഉള്ളൂ ഇവിടെ,കുട്ട വഞ്ചികളില്‍ ഇവിടെയുള്ള മനോഹരമായ ഭാഗങ്ങള്‍ കാണാം.

11) മേലുകോട്ടെ ദൂരം : 152 കി മി

ഇത് ഒരു ക്ഷേത്ര നഗരമാണ്,ഒരു കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന നരസിഹം സ്വാമി ക്ഷേത്രം പ്രസിദ്ധമാണ്,തിരുനാരായണ പുരം എന്ന് കൂടി അറിയപ്പെടുന്ന ഇവിടുത്തെ മറ്റൊരു പ്രധാന ക്ഷേത്രമാണ്  ചെലുവരായ സ്വാമി ക്ഷേത്രം.

12)മുത്തത്തി ദൂരം : 110 കിമി

നിറയെ ഉള്ള പാറക്കല്ലുകള്‍ക്കിടയിലൂടെ കാവേരി നദി ഒഴുകുന്ന സ്ഥലമാണ് മുത്തത്തി,ഈ ഗ്രാമത്തിന്റെ ചുറ്റും മലനിരകളാണ്‌ മുത്തത്തി ഗ്രാമത്തില്‍ നിന്ന് കുട്ട വഞ്ചികളില്‍ കയറി കാവേരി നദിയുടെ ഭംഗി ആസ്വദിക്കാനുള്ള അവസരം ഇവിടെ ലഭ്യമാണ്.

ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം ഇവിടെ വായിക്കാം …

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us