ദുബായ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് ഉത്സവങ്ങളില്‍ ഒന്നായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബർ 26ന് തുടങ്ങും.
30 ദിവസം നീളുന്ന ഷോപ്പിംഗ് മാമാങ്ക൦ ജനുവരി 26-നാണ് സമാപിക്കുന്നത്. ഷോപ്പി൦ഗ്, വിനോദങ്ങൾ, സമ്മാനങ്ങൾ എന്നീ പ്രധാന മൂന്ന് ചേരുവകളോടെയാണ് മേളയുടെ 24-ാം പതിപ്പ് ഒരുങ്ങുന്നത്.
വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനമുയർത്താനും സന്ദർശകർക്ക് മികച്ച ഷോപ്പി൦ഗ് അനുഭവങ്ങൾ നൽകാനും പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് ഡി.എഫ്.ആർ.ഇ. മേധാവി അഹമ്മദ് അൽ ഖാജാ പറഞ്ഞു.
വൻ വിലക്കുറവും വാഗ്ദാനങ്ങളുമായി പ്രമുഖ ബ്രാൻഡുകളും ആകർഷകമായ സമ്മാനപദ്ധതികളുമായി ദുബായിലെ പ്രമുഖ മാളുകളും പതിവുപോലെ മേളയുടെ തിളക്കംകൂട്ടും.
ആഡംബരക്കാറുകളും സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളുമായി മെഗാ റാഫിൾ നറുക്കെടുപ്പുകളും നടക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒരുക്കുന്ന സാംസ്കാരിക പരിപാടികളും വിനോദപരിപാടികളും കാർണിവലുകളും കുട്ടികൾക്കായുള്ള പ്രത്യേകപരിപാടികളും ഇക്കുറിയും സന്ദർശകരുടെ മനംകവരുമെന്നാണ് സംഘാടകര്‍ കരുതുന്നത്.
12 മണിക്കൂർ നീളുന്ന മെഗാ വിൽപ്പനയോടെയാണ് ഷോപ്പിങ് ഫെസ്റ്റിവൽ തുടങ്ങുന്നത്. മേളയുടെ ആദ്യ ദിവസം 25 മുതൽ 90 ശതമാനം വരെ വിലക്കുറവാകും ലഭിക്കുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.