മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്;ഏതു വിധേനയും ഭരണം പിടിക്കാന്‍ ഇരു പക്ഷവും;നിര്‍ണായകമാകുന്നത് സ്വതന്ത്രന്‍മാരുടെ നിലപാടുകള്‍.

ബെംഗളൂരു: ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) ഭരണം ആർക്കുലഭിക്കുമെന്ന് വെള്ളിയാഴ്ച അറിയാം. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് രാവിലെ 11-ന് ആരംഭിക്കും. കൗൺസിലർമാർ അടക്കം 259 പേർക്കാണ് വോട്ടവകാശം. ഭരണം നിലനിർത്താൻ കോൺഗ്രസും തിരിച്ചുപിടിക്കാൻ ബി.ജെ.പി.യും നീക്കം ശക്തമാക്കി. സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണ ലഭിച്ചാൽ ബി.ജെ.പി.ക്ക് ഭരണം പിടിക്കാം. എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി സ്വതന്ത്രരുടെ പിന്തുണ കോൺഗ്രസ്-ദൾ സഖ്യത്തിനാണ്.

കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴ് സ്വതന്ത്രരുമായി കോൺഗ്രസ്, ദൾ നേതാക്കൾ ചർച്ചനടത്തി. കോൺഗ്രസ്-ദൾ സഖ്യത്തിന് സ്വതന്ത്രർ അടക്കം 129 പേരുടെയും ബി.ജെ.പി.ക്ക് 123 പേരുടെയും പിന്തുണയുണ്ട്. സ്വതന്ത്രരുടെ പിന്തുണയ്ക്കായി ബി.ജെ.പി. നേതൃത്വം തീവ്രശ്രമത്തിലാണ്.

കോർപ്പറേഷനിലെ 198 വാർഡുകളിൽ 100 എണ്ണത്തിലും വിജയിച്ചത് ബി.ജെ.പി.യാണ്. ജനതാദൾ-എസുമായി ചേർന്ന് കോൺഗ്രസ് ഭരണം പിടിക്കുകയായിരുന്നു. മേയർ തിരഞ്ഞെടുപ്പിൽ കൗൺസിലർമാർക്കൊപ്പം നഗരത്തിൽനിന്നുള്ള ജനപ്രതിനിധികൾക്കും വോട്ടുള്ളതാണ് ബി.ജെ.പി.ക്ക് തിരിച്ചടിയായത്. കോൺഗ്രസിന് 76 വാർഡുകളിലും ജനതാദൾ-എസിന് 14 വാർഡുകളിലുമാണ് വിജയിക്കാനായത്. ബി.ജെ.പി.ക്കുവേണ്ടി ആർ. അശോകും കോൺഗ്രസിനുവേണ്ടി മുൻ മന്ത്രി രാമലിംഗ റെഡ്ഡിയും കോർപ്പറേഷൻ ഭരണത്തിനായി അണിയറനീക്കത്തിലാണ്.

അതിനിടെ, ഏഴ് സ്വതന്ത്രരിൽ ഒരംഗം ബി.ജെ.പി.ക്ക് പിന്തുണപ്രഖ്യാപിച്ചു. എന്നാൽ, മറ്റുള്ളവർ കോൺഗ്രസിനോടൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ചു. ‘‘കഴിഞ്ഞ മൂന്നുതവണയും കോൺഗ്രസ്-ദൾ സഖ്യത്തിനെയാണ് പിന്തുണച്ചത്. ഇത്തവണയും മാറ്റമുണ്ടാവില്ല’’-സ്വതന്ത്ര കൗൺസിലറായ ലക്ഷ്മി നാരായണ പറഞ്ഞു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസ്ഥാനം വാഗ്ദാനം ചെയ്താണ് സ്വതന്ത്രരുടെ പിന്തുണ കോൺഗ്രസ് ഉറപ്പാക്കിയത്. സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാൽ കോൺഗ്രസിന് മേയർസ്ഥാനം ലഭിക്കും. ഡെപ്യൂട്ടി മേയർസ്ഥാനം ജനതാദൾ-എസിനും. ബെംഗളൂരു കോർപ്പറേഷനിൽ ഒരു വർഷത്തേക്കാണ് മേയർ തിരഞ്ഞെടുപ്പ്. നിലവിലുള്ള മേയർ സമ്പത്ത് രാജിന്റെ കാലാവധി സെപ്റ്റംബർ 28-ന് അവസാനിക്കും. ഇതേത്തുടർന്നാണ് മേയർ തിരഞ്ഞെടുപ്പ്. ഇത്തവണ മേയർസ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുകയാണ്. കോർപ്പറേഷൻ ഭരണത്തിൽ മാറ്റമുണ്ടാവില്ലെന്ന് മുൻമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. സ്വതന്ത്രരുടെ പിന്തുണ ഉറപ്പായിട്ടുണ്ടെന്നും മേയർസ്ഥാനം കോൺഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us