കേസ് ബി ജെ പിയുടെ രാഷ്ട്രീയ പകപോക്കൽ മാത്രം;ഹവാല പണം കേന്ദ്ര നേതൃത്വത്തിന് എത്തിച്ചു കൊടുത്തു എന്ന ആരോപണത്തിന് മറുപടിയുമായി ഡി.കെ.ശിവകുമാർ.

ബെംഗളൂരു: കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് ഹവാല ഇടപാടിലൂടെ പണം എത്തിച്ചുനൽകിയെന്ന ബി.ജെ.പി. ആരോപണത്തിനെതിരേ മന്ത്രി ഡി.കെ. ശിവകുമാർ. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയുടെയും തന്റെയും പ്രതിച്ഛായ മോശമാക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാവുകൂടിയായ ശിവകുമാർ ആരോപിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിയലായിരുന്ന ശിവകുമാർ ആസ്പത്രിവിട്ടശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു.

കള്ളപ്പണം വെളുപ്പിക്കലിനെതിരേ ഡി.കെ. ശിവകുമാറിനെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.

കർണാടകത്തിൽനിന്ന് കോടിക്കണക്കിന് രൂപ ഡി.കെ. ശിവകുമാർ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് എത്തിച്ചുനൽകിയെന്നാണ് ബി.ജെ.പി. വാക്താവ് സാംബിത്ത് പത്ര ആരോപിച്ചത്.

രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതെന്നും കണ്ടെത്തിയ പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കിയതാണെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. പിടിച്ചെടുത്ത ഡയറിയിൽനിന്ന് സോണിയാഗാന്ധിയുടെയും രാഹുൽഗാന്ധിയുടെയും പേര് കണ്ടെത്തിയെന്നാണ് ബി.ജെ.പി. ആരോപിക്കുന്നത്. ഗുജറാത്തിൽനിന്നുള്ള എം.എൽ.എ.മാരെ ബെംഗളൂരുവിൽ പാർപ്പിച്ചതിലുള്ള വൈരാഗ്യം തീർക്കാൻ ബി.ജെ.പി. ആദായനികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുകയായിരുന്നു. 82 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. സുഹൃത്തുക്കളെയും അനുയായികളെയും മാനസികമായി പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തിയാണ് തനിക്കെതിരേ ഓഫീസ് ജീവനക്കാരിൽനിന്ന്‌ മൊഴി എഴുതിവാങ്ങിയത്.

ആദായനികുതി വകുപ്പിന്റെയും എൻഫോഴ്‌സ്‌മെന്റിന്റെയും നടപടി നിയമപരമായി നേരിടും. കേന്ദ്ര ഏജൻസികളെ ദുരുപയോഗംചെയ്ത് തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ് ബി.ജെ.പി. കരുതുന്നത്. എന്നാൽ 2019-ൽ അധികാരത്തിൽ വരാമെന്ന് കരുതുന്നത് ബി.ജെ.പി.യുടെ സ്വപ്നം മാത്രമാണെന്നും ശിവകുമാർ പറഞ്ഞു.

അഴിമതിക്കേസിൽ ബി.എസ്. യെദ്യൂരപ്പയെ അറസ്റ്റ്‌ചെയ്തത് ബി.ജെ.പി. നേതാക്കൾ മറക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് കേസെടുക്കുന്നതിനുമുമ്പ് തന്റെ വിശദീകരണം തേടിയില്ല. നോട്ടീസ് അയക്കുകപോലും ചെയ്തില്ല. 2017-ൽ നടന്ന റെയ്ഡിൽ ഒരുവർഷം കഴിഞ്ഞാണ് കേസെടുക്കുന്നത്. ഇതിൽനിന്നും രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണം ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും ആവശ്യംവരുന്ന സമയത്ത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടകത്തിൽനിന്ന്‌ സ്വരൂപിച്ച പണം ഡൽഹിയിലെ ചാന്ദിനി ചൗക്കിലാണ് എത്തിച്ചതെന്നും തുടർന്ന് വാഹനങ്ങളിലായി എ.ഐ.സി.സി.സി. ആസ്ഥാനത്ത് എത്തിക്കുകയായിരുന്നുവെന്നുമാണ് ബി.ജെ.പി. വാക്താവ് സാംബിത്ത് പത്ര ആരോപിച്ചത്. ബി.ജെ.പി.യുടെ ആരോപണം കള്ളത്തരമാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us