തിരുവനന്തപുരം: പ്രളയ ദുരന്തത്തിന് രക്ഷയുമായി കരസേന ഇന്ന് 25 ബോട്ടുകള്‍ തിരുവനന്തപുരത്തെത്തിക്കും. വിമാനത്തിലെത്തിക്കുന്ന ബോട്ടുകള്‍ ട്രക്കുകളില്‍ ചെങ്ങന്നൂരിലെത്തിക്കും. 15 ബോട്ടുകള്‍ ചെങ്ങന്നൂരിലും 10 എണ്ണം തിരുവല്ലയിലുമാണ് എത്തിക്കുക.
പ്രളയക്കെടുതിയിലമർന്ന കേരളത്തെ കൈപിടിച്ച് കരകയറ്റാൻ സൈനിക വിഭാഗങ്ങൾ ഒരുക്കിയത് വിപുലമായ സന്നാഹങ്ങളാണ്. രണ്ടു ദിവസത്തിനുള്ളിൽ സംയുക്ത രക്ഷാദൗത്യ സംഘം രക്ഷിച്ചത് ആയിരക്കണക്കിന് ജീവനുകളാണ്. 100 വയസ്സുള്ള വൃദ്ധ മുതൽ കൈക്കുഞ്ഞുങ്ങളെ വരെ സ്വന്തം ജീവിതം പണയംവച്ചാണ് സൈനികർ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുന്നത്.
നാവികസേന കമാൻഡോകൾ 100 വയസ്സുകാരി കാർത്ത്യായനിയമ്മയെ ചാലക്കുടിയിൽനിന്ന് രക്ഷിച്ചു. ഇതേ ഹെലികോപ്ടറിൽതന്നെ മാതാവിനെയും 20 ദിവസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിക്കുകയും ചെയ്തു.
ഓപ്പറേഷൻ കരുണയിലൂടെ വ്യോമസേനയുടെ ഹെലികോപ്ടറുകൾ ഇതുവരെ രക്ഷിച്ചത് 320 ജീവനാണ്. വിവിധ സേനകളുടെ 23 ഹെലികോപ്ടറുകളാണ് രക്ഷാദൗത്യത്തിലുള്ളത്. പ്രളയ ബാധിത സ്ഥലങ്ങളിൽ ഭക്ഷണവും മരുന്നും ഉൾപ്പെടെ വിതരണം ചെയ്യുന്ന ചുമതലയും സൈന്യം ഏറ്റെടുത്തു. കരസേനയുടെ ‘ഓപറേഷൻ സഹയോഗ്’ 10 ജില്ലകളിൽ രാപകലില്ലാതെ രക്ഷാപ്രവർത്തനം തുടരുകയാണ്.
ബംഗളൂരുവിൽനിന്ന് സേനയുടെ പാരാ റെജിമെന്റിലെ വിദഗ്ധ സംഘം വെള്ളിയാഴ്ച എത്തിയിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ട സ്ഥലങ്ങളിൽ താൽക്കാലിക പാലങ്ങളും യാത്രസൗകര്യവും സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗം ഒരുക്കുന്നുണ്ട്.
ദേശീയ ദുരന്തനിവാരണ സേന ഇതുവരെ രക്ഷിച്ചത് 4000 ത്തിലേറെ പേരെയാണ്. ജില്ലാ കേന്ദ്രങ്ങളിൽ സംയുക്ത സൈനിക കൺട്രോൾറൂമുകളും പ്രവർത്തിക്കുന്നുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന കൺട്രോൾ റൂമിൽനിന്നും ജില്ല കളക്ടർമാരിൽനിന്നും കിട്ടുന്ന സന്ദേശമനുസരിച്ചാണ് രക്ഷാദൗത്യം നടക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.