ന്യൂഡല്‍ഹി: പതിനഞ്ച് മാസത്തെ കഠിന പരിശീലനത്തിന് ശേഷമാണ് രാജ്യത്തെ ആദ്യത്തെ വനിതാ കമാന്‍ഡോ സംഘം പ്രവര്‍ത്തന സജ്ജമാകുന്നത്. ബോംബ് നിര്‍വ്വീര്യമാക്കുന്നത് തുടങ്ങി ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ വരെ നിഷ്പ്രയാസം കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യയുടെ മിടുക്കികള്‍ എന്ന് തെളിയിക്കുകയാണ് ആദ്യ വനിതാ കമാന്‍ഡോ സംഘത്തിലൂടെ സൈനിക സേന.
നിലവില്‍ 36 വനിതാ കമാന്‍ഡോകള്‍ ആണ് സംഘത്തിലുള്ളത്. സുരക്ഷയ്ക്കാവശ്യമായ ആധുനിക ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, തീവ്രവാദികളെ ചെറുത്ത് നിര്‍ത്തുക, തുടങ്ങി ഇസ്രയേലി സേനയുടെ സ്വയം പ്രതിരോധ വിദ്യയായ ക്രാവ് മാഗായില്‍ അറിവ് ഉള്ളവരാണ് സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്റ് ടാക്റ്റിക്‌സ് (SWAT) എന്നറിയപ്പെടുന്ന ഈ സംഘം.
ഡല്‍ഹിയില്‍ പുരുഷ കമാന്‍ഡോകള്‍ക്കൊപ്പം തന്നെയാകും ഇവര്‍ ആദ്യം സേവനമനുഷ്ഠിക്കുക. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യങ്ങള്‍ നോക്കാനും ഈ പെണ്‍പുലികളുണ്ടാകും. പുരുഷന്മാര്‍ക്ക് മാത്രമാണ്ചില കാര്യങ്ങള്‍ ചെയ്യാനാവുക എന്ന ബോധം നമ്മുടെ സമൂഹത്തിനുണ്ട്. അത് തിരുത്തുക കൂടിയാണ് വനിതാ കമാന്‍ഡോ ബറ്റാലിയന്‍റെ ലക്ഷ്യം.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുക, ബോംബ് നിര്‍വീര്യമാക്കുക, ഭീകരരില്‍ നിന്നും ബന്ദികളായവരെ രക്ഷപ്പെടുത്തുക എന്നീ ചുമതലകളാണ് ഇവര്‍ക്കുള്ളത്.
രാജ്യത്ത് പുരുഷന്‍മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും സ്ത്രീകള്‍ക്കും കഴിയുന്നതാണ്. പുരുഷന്‍മാര്‍ക്ക് മാത്രമേ എല്ലാത്തിനും സാധിക്കു എന്ന തെറ്റായ ധാരണ സമൂഹത്തില്‍ നിന്ന് എടുത്തുമാറ്റുന്നതിനുമാണ് വനിതാ കമാന്‍ഡോകളുടെ ഈ പ്രവര്‍ത്തന സംഘം കൊണ്ടുദ്ദേശിക്കുന്നതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ പ്രമോദ് ഖുഷ്‌വഹ പറഞ്ഞത്.