കേരളത്തിനകത്തും പുറത്തും തരംഗം സൃഷ്ടിക്കുന്ന കീക്കി ഡാന്‍സിനെ ട്രോളി കേരള പൊലീസ്.
26 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിലൂടെയാണ് കേരള പൊലീസ് കീക്കി ചലഞ്ചിനെ ട്രോളിയിരിക്കുന്നത്. ‘അപകടകരമായ ചലഞ്ചുകള്‍ നമുക്ക് വേണ്ട’ എന്ന ടൈറ്റിലോടെയാണ് ട്രോള്‍ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
നടുറോഡില്‍ കീക്കി കളിക്കുന്ന യുവാവും അറസ്റ്റ് ചെയ്യുന്ന പൊലീസുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. കാറില്‍ നിന്നിറങ്ങി ഡാന്‍സ് കളിച്ച് കളിച്ച് ഒടുവില്‍ പൊലീസ് ജീപ്പിലേക്കാണ് യുവാവ് വീഴുന്നത്.
ജീപ്പിലിരുന്ന് ‘ജാങ്കോ ഞാന്‍ പെട്ടു’ എന്ന രസികന്‍ ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്. ട്രോള്‍ രൂപത്തിലാണ് വീഡിയോ തയാറാക്കിയിരിക്കുന്നതെങ്കിലും അതൊരു മുന്നറിയിപ്പായി വേണം കണക്കാക്കാന്‍.
അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട…
സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്. pic.twitter.com/FROYYMA8eu— Kerala Police (@TheKeralaPolice) August 7, 2018
ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രധാനമായും ഇത്തരം ചലഞ്ച് വീഡിയോകള്‍ പ്രചരിക്കുന്നത്. ക്വീന്‍ എന്ന മലയാള സിനിമയിലൂടെ ശ്രദ്ധേയയായ നടി സാനിയ അയ്യപ്പനും ഈ ചലഞ്ചില്‍ പങ്കെടുത്തിരുന്നു. ഇതോടെ കൂടുതല്‍ പേര് രംഗത്തു വരുമോ എന്ന ആശങ്കയിലാണ് പൊലീസ്.
കീക്കിക്ക് എതിരെ ഡല്‍ഹി, മുംബൈ, ബംഗളൂരു, ഉത്തര്‍പ്രദേശ്, ഛണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്തായാലും അടുത്തകാലത്ത് നിരവധി ഹിറ്റ് ട്രോളുകളിലൂടെ ശ്രദ്ധേയമായ കേരള പൊലീസിന്റെ ഈ ട്രോളും വൈറലാകുകയാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
ഓടുന്ന കാറില്‍ ‘കിക്കീ, ഡു യു ലവ് മീ ആര് യു റൈഡിങ്’ എന്ന് പാടിത്തുടങ്ങുമ്പോള്‍ കാറില്‍ നിന്ന് പതിയെ ഇറങ്ങുകയും, തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം വാതില്‍ തുറന്ന രീതിയിലാക്കി നൃത്തം ചെയ്യുകയും ചെയ്യണം എന്നതാണ് ചലഞ്ച്.
കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘ഇന്‍ മൈ ഫീലിംഗ്സ്’ന് ചുവടുവെച്ചാണ് ചലഞ്ച് പൂര്‍ത്തിയാക്കേണ്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.