കൊടും ഭീകരന്‍ മുഹമ്മദ് ജാഹിദുൽ ഇസ്ലാം പിടിയില്‍;ലാപ് ടോപ്പ്, ജലാറ്റിൻ പൗഡർ, ക്ഷേത്രങ്ങളുടെയും പള്ളികളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ചിത്രങ്ങൾ, ബെംഗളൂരുവിന്റെ മാപ്പ് എന്നിവ കണ്ടെടുത്തു;നിരവധി തവണ മലപ്പുറം ജില്ല സന്ദര്‍ശിച്ചതിന് തെളിവ്.

ബെഗളൂരു: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ (ജെ.എം.ബി.) ഇന്ത്യയിലെ തലവൻ മുഹമ്മദ് ജാഹിദുൽ ഇസ്‌ലാമിനെ(38) ബെംഗളൂരുവിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) പിടികൂടി. കഴിഞ്ഞദിവസം കോട്ടയ്ക്കലിൽ പിടിയിലായ ഭീകര സംഘാംഗങ്ങളിൽനിന്ന് ലഭിച്ച സൂചനകളിൽനിന്നാണ് ഇയാളെ രാമനഗരയിലെ വാടകവീട്ടിൽനിന്ന് അറസ്റ്റുചെയ്തത്.

ബെംഗളൂരുവിലെ എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ജാഹിദുലിനെ അഞ്ച് ദിവസത്തെ യാത്രാറിമാൻഡിൽ ബിഹാർ എൻ.ഐ.എ. സംഘത്തിന് കൈമാറി. ഇയാളെ പട്‌നയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കും. ബിഹാറിലെ ബോധ്ഗയയിൽ ജനുവരിയിൽ രണ്ട് ബോംബുകൾ കണ്ടെടുത്ത സംഭവത്തിലെ മുഖ്യപ്രതിയാണ് മുഹമ്മദ് ജാഹിദുൽ ഇസ്‌ലാം. ഇയാളുടെ നിർദേശപ്രകാരമാണ് അനുയായി മുസ്താഫിസുർ റഹ്മാൻ ബോംബ് ഉണ്ടാക്കിയതെന്നും ഇതാണ് കണ്ടെടുത്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ടിബറ്റൻ ആത്മീയനേതാവ് ദലൈ ലാമ സന്ദർശിക്കാനിരിക്കേയാണ് ബോംബ് കണ്ടെടുത്തത്. ഇതേത്തുടർന്ന് മുഹമ്മദ് ജാഹിദുൽ ഒളിവിൽ കഴിയുകയായിരുന്നു. ബംഗ്ലാദേശിലെ ഭീകരവാദ കേസുകളിൽ പ്രതിയായ ഇയാൾ മുനീർ, കൗസർ, മുന്ന, ബോമ മിയാൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നതായി അന്വേഷണസംഘം പറഞ്ഞു.

ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ബംഗ്ലാദേശിൽനിന്ന് ബംഗാളിലേക്ക് കുടിയേറിയ ആളാണ് മുഹമ്മദ് ജിഹാദുൽ ഇസ്‍ലാമെന്ന് എൻ.ഐ.എ. പറഞ്ഞു. രണ്ടരമാസംമുമ്പാണ് മുനീർ എന്നപേരിൽ ഇയാൾ രാമനഗരയിൽ വീട് വാടകയ്ക്കെടുത്തത്. ഇതിനായി ഡൽഹി മേൽവിലാസവും ആധാർ നമ്പറും നൽകിയിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമായിരുന്നു താമസം സൈക്കിളിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന തൊഴിലാണ് ചെയ്തിരുന്നതെന്നാണ് സമീപവാസികൾ നൽകിയ മൊഴി. വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ് ടോപ്പ്, ജലാറ്റിൻ പൗഡർ, ക്ഷേത്രങ്ങളുടെയും പള്ളികളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ചിത്രങ്ങൾ, ബെംഗളൂരുവിന്റെ മാപ്പ് എന്നിവ കണ്ടെടുത്തു.

പലസമയങ്ങളിലായി മലപ്പുറം ജില്ലയിലെ വിവിധഭാഗങ്ങൾ സന്ദർശിച്ചിരുന്നു. കേരളത്തിൽ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായും സൂചനയുണ്ട്. ബംഗ്ലാദേശിൽ പത്തിലധികം കൊലപാതക്കേസുകളിലെ പ്രതിയാണ് ഇയാൾ. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേ 2014-ൽ അഞ്ചു പോലീസുകാരെ കൊലപ്പെടുത്തിയാണ് ഭീകരസംഘാംഗങ്ങൾ ഇയാളെ രക്ഷപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us