ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യമില്ല, ഇടുക്കിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് മന്ത്രി എം. എം മണി.

ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഘട്ടം ഘട്ടമായി മാത്രമേ ഷട്ടറുകള്‍ തുറക്കൂവെന്നും ഏത് സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി ഇ. ചന്ദ്രശേഖരനും വ്യക്തമാക്കി. ഡാമിന്‍റെ ജലനിരപ്പ് നിലവില്‍ 2395.50 അടിയായി ഉയര്‍ന്നിട്ടുണ്ട്.

ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യമില്ല

മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമേ ഡാമില്‍ ഉയരുന്നുള്ളൂവെന്നതിനാല്‍ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്തേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി മാത്യൂ ടി. തോമസ്‌ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരുന്നാല്‍ മാത്രമേ ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്കൂബ വെഹിക്കിള്‍

ഏത് സാഹചര്യവും നേരിടാന്‍ കേരള ഫയർ ആൻഡ്‌ റെസ്ക്യൂ ഡിപ്പാർട്ട്‌മെന്റ് സജ്ജമായിക്കഴിഞ്ഞു. അടിയന്തിര സ്ഥിതിഗതികൾ നേരിടാൻ കേരള സർക്കാരും ഫയർ ഫോഴ്സും അടിയന്തരമായി നിരത്തിലിറക്കിയ ‘സ്കൂബ വെഹിക്കിള്‍’ എറണാകുളം ഗാന്ധിനഗർ ഫയർ സ്റ്റേഷനില്‍ നിന്ന് ഇടുക്കിയിലേക്ക് യാത്ര തിരിച്ചു.

165 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തെയാണ് ഇടുക്കിയിലേക്ക് അയച്ചത്. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ വെള്ളം ഉയരാന്‍ ഇടയുള്ള സ്ഥലങ്ങള്‍ ശാസ്ത്രീയമായ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അവിടങ്ങളിലെല്ലാം റെസ്ക്യൂ സേനയെ വിന്യസിക്കാനാണ് പദ്ധതി.

ഭയപ്പെടുത്തുന്നവര്‍ക്ക് താക്കീത്

സമൂഹ മാധ്യമങ്ങള്‍ വ‍ഴിയും മറ്റും ജനങ്ങളെ ഭയപ്പെടുത്തുന്ന മെസേജുകള്‍ കൈമാറരുതെന്നും സര്‍ക്കാര്‍ കര്‍ശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us