തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി.
അതേസമയം, അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടി എത്തുന്നതിന് മുന്‍പ് ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 2403-ലെത്താന്‍ ഇനി 12.82 അടി വെള്ളംകൂടി മതിയാകും. ഈ സാഹചര്യത്തില്‍ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാവും തുറക്കുക.
വ്യാഴാഴ്ച്ച വരെ ഇടുക്കിയില്‍ മഴ പെയ്തിരുന്നു. അഞ്ച് സെന്റിമീറ്റര്‍ മഴയാണ് ഇടുക്കിയില്‍ ലഭിച്ചത്. പീരുമേട്ടില്‍ എട്ട് സെന്റിമീറ്റര്‍ മഴ കൂടി ലഭിച്ചതോടെ ഡാമിലേക്ക് കുടുതല്‍ ജലം ഒഴുകിയെത്തുമെന്നാണ് നിഗമനം.
26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി ഡാം തുറക്കേണ്ട വിധത്തില്‍ ഡാമിലേയ്ക്ക് നീരൊഴുക്ക് ഉണ്ടാവുന്നത്. എന്നാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ വൈദ്യുതി ബോര്‍ഡ് തീരുമാനമൊന്നും എടുത്തിട്ടില്ല.
എന്നാല്‍ വരുന്ന ആഴ്ചയോടുകൂടി രാജ്യത്ത് മഴയുടെ അളവ് കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ അറിയിക്കുന്നത്.
ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കിയിലാണ്. ജൂണ്‍ ഒന്ന് മുതലുള്ള കണക്ക് നോക്കിയാല്‍ 49 ശതമാനം അധികം മഴയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.