ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ (ബിഐഎഎൽ) കഴിഞ്ഞ വർഷം യാത്രക്കാർ മറന്നുവച്ചതു ഇരുപതിനായിരത്തിലധികം വസ്തുക്കൾ. മൊബൈൽ, ലാപ്ടോപ്, ഐ പാഡ്, വാച്ച്, പേന, വസ്ത്രങ്ങൾ, ഗൃഹോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, എടിഎം–ഡെബിറ്റ് കാർഡുകൾ, ചെക്ക്ബുക്ക്, സൺഗ്ലാസ്, ക്യാമറകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയെല്ലാം ഇവയിലുണ്ട്. 2017 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെയായി വിമാനത്താവളത്തിന്റെ പല ഭാഗങ്ങളിൽ മറന്നുവച്ച 20413 സാധനങ്ങളിൽ 5686 എണ്ണം ഉടമസ്ഥർക്കു തിരിച്ചു നൽകി.
ഭക്ഷണം ഉൾപ്പെടെ കേടായ 7153 വസ്തുക്കൾ ഉപേക്ഷിച്ചു. ബാക്കിയുള്ളവയുടെ ഉടമസ്ഥർ ഇനിയും എത്തിയിട്ടില്ല. 90 ദിവസമായിട്ടും അവകാശികൾ എത്തിയില്ലെങ്കിൽ ഇവ ലേലം ചെയ്യുകയോ, സന്നദ്ധ സംഘടനകൾക്കു നൽകുകയോ ചെയ്യും. സർക്കാർ തിരിച്ചറിയൽ കാർഡുകളും രേഖകളും അതാതു വകുപ്പിനു കൈമാറുകയും ചെയ്യും. ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളും ചെക്കുകളുമെല്ലാം 72 മണിക്കൂറിനുശേഷം നശിപ്പിച്ചുകളയുകയാണ് പതിവ്. വിമാനത്താവളത്തിൽ യാത്രക്കാർ കൂടിയതോടെ മറന്നുവയ്ക്കുന്ന സാധനങ്ങളുടെ എണ്ണവും കൂടിയതായി ബിഐഎഎൽ ചീഫ് ഓപറേറ്റിങ് ഓഫിസർ ജാവേദ് മാലിക് പറഞ്ഞു.
ഇത്തരം സാധനങ്ങൾ കണ്ടെത്തി സൂക്ഷിച്ചുവയ്ക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാർക്ക് അവരുടെ സാധനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ ഇവയുടെ വിശദാംശങ്ങൾ അതാതു ദിവസം വിമാനത്താവള വെബ്സൈറ്റിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗത്തിൽ നൽകാറുണ്ടെന്നും ജാവേദ് മാലിക് പറഞ്ഞു. സാധനങ്ങൾ നഷ്ടപ്പെട്ടവർക്കു 24 മണിക്കൂറും പ്രവർത്തിക്കുന്ന 080–66782257, +918066782257 (വിദേശത്തുള്ളവർ) നമ്പരിലേക്കു വിളിക്കാം. ഇ–മെയ്ൽ:– [email protected]
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.