ന്യൂഡൽഹി: കാവേരി ജല മാനേജ്മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) രൂപീകരണ പ്രശ്നം പാർലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കാൻ കർണാടകയിൽ നിന്നുള്ള എംപിമാരോട് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി.
സിഡബ്ല്യുഎംഎക്കു പുറമെ, അണക്കെട്ടുകളിലെ ജലം അവലോകനംചെയ്യുന്നതിനുള്ള കാവേരി റഗുലേഷൻ കമ്മിറ്റിയെയും കർണാടക എതിർക്കുന്ന സാഹചര്യത്തിലാണിത്. വർഷകാലത്തൊഴികെ, കാവേരി ജലം പങ്കിടുന്നതു സംബന്ധിച്ചുള്ള വിവിധ പ്രായോഗിക ബുദ്ധിമുട്ടുകൾ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സജീവ ചർച്ചയാക്കണമെന്ന ആവശ്യമാണ് കുമാരസ്വാമി എംപിമാർക്കു മുന്നിൽവച്ചത്.
തമിഴ്നാടിന് 31.24 ടിഎംസി അടി ജലം ജൂലൈയിൽ വിട്ടുകൊടുക്കാനുള്ള സിഡബ്ല്യുഎംഎ നിർദേശത്തിനനുസരിച്ചു ബിലുഗുണ്ടുവിൽ നിന്ന് അധിക ജലം വിട്ടുകൊടുക്കുകയാണ്. വർഷകാലത്തെ തുടർന്ന് കാവേരിയിലെ അണക്കെട്ടുകൾ നിറഞ്ഞു കവിഞ്ഞ നിലയിലാണ്. ജൂലൈയിൽ ഇതു സാധ്യമാകും.
എന്നാൽ പ്രതിമാസം 34 ടിഎംസി അടി ജലം തമിഴ്നാടിന് നൽകാനുള്ള 2007ൽ കാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണൽ ഉത്തരവ്, വരൾച്ചാ മാസങ്ങളിലും പാലിക്കുക അത്ര പ്രായോഗികമല്ലെന്ന നിലപാടാണ് കർണാടക സ്വീകരിക്കുന്നത്.