ബെംഗളൂരു : ബജറ്റിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം. തീരദേശത്തിനും വടക്കൻ കർണാടകയ്ക്കും ബജറ്റിൽ പ്രാമുഖ്യം നൽകിയില്ലെന്നാരോപിച്ച് മേഖലയിലെ ബിജെപി എംഎൽഎമാരും എംഎൽസിമാരും വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ അണിനിരന്നു.
ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്നുള്ള ബിജെപി എംഎൽഎമാരും വടക്കൻ കർണാടകയിലെ പ്രതിനിധികളുമാണ് പ്രതിഷേധിച്ചത്.
ദളിനു സ്വാധീനമുള്ള ഹാസൻ, മൈസൂരു, രാമനഗര ജില്ലകൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണിതെന്ന് ബിജെപി വക്താവ് വാമനാചാര്യ ആരോപിച്ചു. വരും ദിവസങ്ങളിൽ ഈ വിഷയം സഭയിൽ ഉന്നയിക്കും. മംഗളൂരുവിൽ എബിവിപി പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, ആരോപണങ്ങൾ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തള്ളി. സിദ്ധരാമയ്യ സർക്കാർ ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പുതിയ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമവും മേഖലാ വികസനവും ലക്ഷ്യമിട്ടുള്ള ഈ പദ്ധതികൾ വീണ്ടും പരാമർശിക്കേണ്ടാത്തതിനാലാണ് എടുത്തു പറയാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ ഇന്ധനവില കുറവാണെന്നും കുമാരസ്വാമി വ്യക്തമാക്കി. ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് വടക്കൻ കർണാടകയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് എച്ച്.കെ.പാട്ടീൽ കുമാരസ്വാമിക്ക് കത്തെഴുതി. എന്നാൽ സഖ്യസർക്കാരിന്റെ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ബജറ്റ് നിർദേശങ്ങൾ തയാറാക്കിയതെന്ന് ഇതിനു മറുപടിയായി ഏകോപന സമിതി ചെയർമാനും കോൺഗ്രസ് കക്ഷി നേതാവുമായ സിദ്ധരാമയ്യ മാധ്യമങ്ങളോടു വിശദീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.