വീഡിയോയില്‍ ഒന്നും സത്യമില്ല;ഞങ്ങള്‍ എന്നും ഒറ്റക്കെട്ട്;സിദ്ധാരമയ്യ താല്‍കാലിക വെടി നിരത്തലിന് തയ്യാര്‍..

ബെംഗളൂരു : കോൺഗ്രസ്–ജനതാദൾ (എസ്) സഖ്യസർക്കാർ രൂപീകരിച്ചതിൽ തനിക്ക് അതൃപ്തിയില്ലെന്നും സർക്കാരിന്റെ സ്ഥിരതയെച്ചൊല്ലി സംശയം വേണ്ടെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപിയെ അധികാരത്തിൽ നിന്നകറ്റി നിർത്താനാണ് സഖ്യ സർക്കാർ രൂപീകരിച്ചത്.

ഈ സർക്കാർ സുസ്ഥിരമായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. സഖ്യസർക്കാരിന്റെ നിലനിൽപ്പിൽ സംശയം പ്രകടിപ്പിച്ചും കുമാരസ്വാമി സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയുമുള്ള സിദ്ധരാമയ്യയുടെ വിഡിയോ ഒരാഴ്ചയായി സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

ബെൽത്തങ്ങാടിയിൽ പ്രകൃതി ചികിൽസക്കിടെ കാണാനെത്തിയവരോട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. എന്നാലതു സാധാരണ സംഭാഷണമായിരുന്നുവെന്നും താൻ ഏതു സാഹചര്യത്തിലാണ് അങ്ങനെ സംസാരിച്ചതെന്നു നിങ്ങൾക്കറിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സഖ്യസർക്കാർ രൂപീകരിച്ചതിൽ താൻ അസന്തുഷ്ടനാണെന്ന് ആരാണ് പറഞ്ഞത്? സന്ദർഭം മനസിലാക്കാതെ സൗഹൃദ സംഭാഷണങ്ങൾ വിഡിയോയിൽ പകർത്തി പ്രചരിപ്പിച്ചത് ആരായാലും ശരിയായില്ല. മുഖ്യമന്ത്രി സമ്പൂർണ ബജറ്റ് അവതരിപ്പിച്ചേക്കുമെന്നും രാഹുൽഗാന്ധി ഇതിന് അനുമതി നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

കോൺഗ്രസിന്റെ നിയമസഭാ കക്ഷിനേതാവും സഖ്യസർക്കാരിന്റെ ഏകോപനസമിതി അധ്യക്ഷനുമായ സിദ്ധരാമയ്യ ചികിൽസയ്ക്കു ശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് ബെംഗളൂരുവിൽ മടങ്ങിയെത്തിയത്. വിവാദ പ്രസ്താവനകളെ തുടർന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, പിതാവും ദൾ അധ്യക്ഷനുമായ എച്ച്.ഡി.ദേവെഗൗഡ, മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖർഗെ, ഉപമുഖ്യമന്ത്രി കൂടിയായ ജി.പരമേശ്വര, മന്ത്രി ഡി.കെ.ശിവകുമാർ തുടങ്ങിയവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

പ്രശ്നത്തിൽ ഹൈക്കമാൻഡിനു വേണ്ടി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഇടപെട്ടു. എന്നാൽ സംഭവത്തിൽ ഇന്നലെ ആദ്യമായി പ്രതികരിച്ച സിദ്ധരാമയ്യ, ആശയക്കുഴപ്പം നീക്കിയതോടെയാണ് വിവാദത്തിന് അയവു വന്നത്. ഒരാഴ്ചത്തെ ചികിൽസയ്ക്കുശേഷം ബെംഗളൂരുവിൽ മടങ്ങിയെത്തിയ അദ്ദേഹം കെപിസിസി ഓഫിസിൽ കോൺഗ്രസ് ഏകോപന സമിതി യോഗത്തിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us