ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്‌എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തില്‍ വിവാദം കത്തിക്കൊണ്ടിരിക്കുമ്പോള്‍ പ്രണബിന്‍റെ പ്രസംഗം ചരിത്രസംഭവമെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി.
ഇന്ത്യന്‍ ദേശീയതയുടെ ശ്രേഷ്ഠമായ ആശയങ്ങളും ആദര്‍ശങ്ങളും വിവരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണെന്നും അദ്വാനി പറഞ്ഞു. സന്ദര്‍ശനത്തെ വാനോളം പുകഴ്ത്തിയ അദ്ദേഹം രാജ്യചരിത്രത്തിലെതന്നെ മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നാണ് പ്രണബിന്‍റെ സന്ദര്‍ശനമെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ അദ്വാനിയുടെ ഈ പുകഴ്ത്തല്‍ ബിജെപി നേതൃത്വത്തെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് എന്നത് മറ്റൊരു വസ്തുത.
പ്രത്യയശാസ്ത്രപരമായ വ്യത്യസ്തതകള്‍ക്കും സമാനതകള്‍ക്കും അതീതമായ ആശയസംവാദത്തിന്‍റെ പ്രശംസനീയമായന്‍റെയും അടിസ്ഥാനത്തിലുള്ള ഇത്തരം ആശയവിനിമയങ്ങള്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇന്ത്യയുടെ പൊതുവായ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് സഹിഷ്ണുതയുടേതായ ഇത്തരം ആശയസംവാദങ്ങള്‍ ഇക്കാലത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് പ്രണബിനെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ തോന്നിയത് അഭിനന്ദനാര്‍ഹമാണ്. വിവാദമുണ്ടാക്കാവുന്ന പരിപാടിയായിട്ടും അദ്ദേഹം ക്ഷണം ഏറ്റെടുത്തത് മതേതര മനസിന്‍റെ മൂല്യമാണെന്നും അദ്വാനി വ്യക്തമാക്കി. ഇരുവരും വിരുദ്ധ ആശയങ്ങളില്‍ വിശ്വസിക്കുന്നവരാണ്. എന്നിട്ടും ഇങ്ങനെയൊരു വേദി പങ്കിട്ടത് പ്രണബിന്‍റെ നല്ല മനസിനെയാണ് സൂചിപ്പിക്കുന്നത്. ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുത ഇല്ലാതാക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കുമെന്ന് അദ്വാനി ഉറപ്പ് നല്‍കി. വൃത്യസ്ത ആശങ്ങളിലുള്ളവരാണ് എപ്പോഴും ഇത്തരം പൊതു പരിപാടിയില്‍ പങ്കെടുക്കേണ്ടതെന്നും അദ്വാനി സൂചിപ്പിച്ചു.
പൊതുപ്രവര്‍ത്തന രംഗത്തെ ദീര്‍ഘകാലത്തെ അനുഭവപരിചയത്തിലൂടെ രൂപപ്പെട്ട രാജ്യതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജി. വ്യത്യസ്ത ആശയവിഭാഗങ്ങളില്‍പ്പെട്ടവരുമായുള്ള ആശയവിനിമയത്തിന്‍റെ പ്രാധാന്യം അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് ആര്‍എസ്‌എസിന്‍റെ ക്ഷണം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായതെന്നും അദ്വാനി പറഞ്ഞു.
അതേസമയം ആര്‍എസ്‌എസിന്‍റെ ക്ഷണം സ്വീകരിച്ച പ്രണബിന്‍റെ നടപടിയില്‍ പാര്‍ട്ടിയില്‍ നിന്ന് കടുത്ത വിമര്‍ശനവും ഒപ്പം പിന്തുണയും ഉയരുന്നുണ്ട്. പ്രസംഗത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയെയും കപട ദേശീയതയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ദേശീയത എന്ന് പറയുന്നത് മതമോ വംശമോ നോക്കിയുള്ളതല്ലെന്നും പ്രണബ് പറഞ്ഞിരുന്നു. ഇത് ആര്‍എസ്‌എസിനും ബിജെപിക്കുമുള്ള മറുപടി കൂടിയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.