ബെംഗളൂരു: മന്ത്രിസഭാ വികസനം നാളെ നടക്കാനിരിക്കെ, സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇന്ന് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ ചർച്ച നടത്തും. കോൺഗ്രസിലും ജനതാദൾ എസിലും മന്ത്രിസ്ഥാനം ഉറപ്പിക്കാനുള്ള ചരടുവലികൾ ശക്തമാണ്. ഇരു കക്ഷികൾക്കും ഇടയിൽ വകുപ്പുകൾ വിഭജിച്ചെടുത്തെങ്കിലും ആരൊക്കെ മന്ത്രിമാരാകണമെന്നതു സംബന്ധിച്ചാണ് പാർട്ടികൾക്കുള്ളിൽ തർക്കം. കോൺഗ്രസ് തയാറാക്കിയ മന്ത്രിമാരുടെ പട്ടികയ്ക്ക് ഇന്നു നടക്കുന്ന യോഗത്തിൽ രാഹുൽ ഗാന്ധി അംഗീകാരം നൽകേണ്ടതുണ്ട്.
നാളെ ഉച്ചയ്ക്ക് രണ്ടിന് മന്ത്രിമാർക്ക് ഗവർണർ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുക്കുന്ന വിധത്തിലാണ് ചടങ്ങ് സജ്ജീകരിക്കുന്നത്. ഉപമുഖ്യമന്ത്രി ഡോ. ജി.പരമേശ്വര, കോൺഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ, ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവരാണ് രാഹുലുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നത്.
മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടഭിപ്രായം കോൺഗ്രസിനുള്ളിൽ ഇല്ലെന്ന് ജി.പരമേശ്വര വ്യക്തമാക്കി.സോണിയ ഗാന്ധിയുടെ ചികിൽസാർഥം രാഹുൽ ഗാന്ധി യുഎസിൽ പോയതു കൊണ്ടുണ്ടായ കാലതാമസമേ ഇക്കാര്യത്തിലുള്ളൂ.ഇന്ന് അദ്ദേഹവുമായി നടക്കുന്ന ചർച്ചയ്ക്കൊടുവിൽ മന്ത്രിമാരുടെ പട്ടികയ്ക്ക് പൂർണരൂപമാകുമെന്നും പരമേശ്വര പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.