ബെംഗളൂരു : ഓൺലൈൻ വഴി അവധിക്കാല ടൂർ പാക്കേജ് ബുക്ക് ചെയ്യുന്നവരെ കബളിപ്പിച്ച് നാലു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. നാഗർഭാവിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനു 3.2 ലക്ഷം രൂപയും വർത്തൂരിലെ വീട്ടമ്മയ്ക്ക് 70000 രൂപയുമാണ് നഷ്ടമായത്. ആൻഡമാനിലേക്കു വിനോദയാത്ര പോകാനാണ് വീട്ടമ്മ ഓൺലൈനിൽ ബുക്കിങ്ങിനു ശ്രമിച്ചത്.
അരുൺ ശർമ എന്നു പരിചയപ്പെടുത്തിയ ആൾ താമസം, യാത്രച്ചെലവ് ഉൾപ്പെടെയുള്ള പാക്കേജ് വാഗ്ദാനം ചെയ്തു. ഇതനുസരിച്ച് 70000 രൂപ ഇയാൾ നൽകിയ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തു. എന്നാൽ ഇതിനു ശേഷം ഇയാൾ ഫോൺ ബന്ധം വിച്ഛേദിച്ചതായി വീട്ടമ്മയുടെ പരാതിയിൽ പറയുന്നു. സമാനമായ രീതിയിലാണ് നാഗർഭാവി സ്വദേശിയും കബളിപ്പിക്കപ്പെട്ടത്. സൈബർ ക്രൈം പൊലീസ് കേസെടുത്തു. രണ്ടു സംഭവത്തിനു പിന്നിലും ഒരു സംഘമാണെന്നാണ് സംശയം.