ബെംഗളൂരു : ലിംഗായത്ത് സമുദായത്തിനു ന്യൂനപക്ഷ മതപദവി നൽകാനുള്ള ശുപാർശ നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രത്തിനെതിരെ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ജാഗതിക ലിംഗായത്ത് മഹാസഭയുടെ മുന്നറിയിപ്പ്. ബസവേശ്വര തത്വത്തിൽ മാത്രം വിശ്വസിക്കുന്ന ലിംഗായത്തിനു ന്യൂനപക്ഷ മതപദവി നൽകണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം ഉടനടി തുടർനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ലിംഗായത്ത് മഹാസഭ രംഗത്തെത്തിയത്.
വീരശൈവ–ലിംഗായത്ത് സമുദായങ്ങൾ ഒന്നാണെന്നും പുതിയ മതത്തിൽ വീരശൈവരെയും ഉൾപ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം അഖിലഭാരത വീരശൈവ മഹാസഭ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലിംഗായത്തും വീരശൈവരും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നു ലിംഗായത്ത് മഹാസഭ ജനറൽ സെക്രട്ടറി എസ്.എം.ജാംദാർ അവകാശപ്പെട്ടു. വീരശൈവ മഹാസഭയിൽ വിവിധ പദവികളിലിരിക്കുന്ന ലിംഗായത്തുകൾ രാജിവയ്ക്കണം. ലിംഗായത്തുകൾ പ്രത്യേക മതമാണ്. തങ്ങൾ പഞ്ചമഠാധിപതികളെയും എതിർക്കുന്നു. ബസവ തത്വങ്ങളിൽ വിശ്വസിക്കുന്നവരെ ലിംഗായത്തിലേക്കു സ്വാഗതം ചെയ്യുന്നു. ലിംഗായത്ത് മതം പിന്തുടരുന്നവർ അഹിംസയുടെ പ്രചാരകരാണെന്നും ജാംദാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.