ന്യൂഡല്‍ഹി: കുറച്ചുദിവസമായി സുപ്രീം കോടതി കേസുകളുടെയും വിധികളുടെയും തിരക്കിലാണ്. എന്നാല്‍ ഈ വെള്ളിയാഴ്ച നടന്നതില്‍ തികച്ചും വ്യത്യസ്തമായ ഒരു കേസുണ്ടായിരുന്നു.
പിരിഞ്ഞുതാമസിക്കുന്ന അച്ഛനമ്മമാര്‍ തമ്മില്‍ ഏഴ് വര്‍ഷമായി നിലനില്‍ക്കുന്ന കേസുകളും തര്‍ക്കവും പരിഹരിച്ചതിന് പത്ത് വയസുകാരനായ വിഭു സുപ്രിംകോടതിക്ക് നന്ദി പറഞ്ഞ് കത്ത് നല്‍കിയതാണ് ആ വ്യത്യസ്തത. വിഭു തന്‍റെ സ്വന്തം കൈയ്പ്പടയില്‍ എഴുതിയ കത്ത് ജഡ്ജിന് കൈമാറി. കേസിന്‍റെ വിധി പറഞ്ഞ ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ ബെഞ്ച് ഈ കത്ത് വിധിയുടെ ഭാഗമാക്കുകയും ചെയ്തു. വിധിന്യായത്തില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ കത്തെന്നപേരും സ്വന്തമാക്കിയിരിക്കുകയാണ് വിഭുവിന്‍റെ കത്ത്.
‘ദൈവം നിങ്ങള്‍ക്ക് വേണ്ടി ചിലത് കരുതിവെച്ചിട്ടുണ്ട്. ‘എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹരിക്കാനുള്ള താക്കോല്‍, എല്ലാ നിഴലുകള്‍ക്കുമായുള്ള വെളിച്ചം, എല്ലാ ദുഖങ്ങള്‍ക്കും ഒരു ആശ്വാസം, നാളേയ്ക്കായുള്ള നല്ല പദ്ധതിയും’- അനുസരണയോടെ വിഭു. തന്‍റെ കൈപ്പടയില്‍ എഴുതിയ കത്തില്‍ ഈ വരികളാണ് വിഭു കുറിച്ചത്.
1997 ല്‍ വിവാഹിതരായ ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. നാല് വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം ഇവര്‍ പിന്നീട് മാറി താമസിച്ചു. തുടര്‍ന്ന് പരസ്പരം കുറ്റങ്ങള്‍ ആരോപിച്ച് ഇരുവരും ക്രിമിനല്‍, സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു.
വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും പരസ്പരം നല്‍കിയ കേസുകളില്‍ ഒത്തുതീര്‍പ്പാകാത്തതിനാല്‍ ഇത് നീണ്ടുപോകുകയായിരുന്നു. കോടതി ഇവര്‍ക്കായി ഒരു മധ്യസ്ഥനെ നിയമിച്ചെങ്കിലും പ്രശ്നപരിഹാരമായില്ല. തുടര്‍ന്നാണ് ഇരുവരോടും കോടതിക്ക് മുന്‍പാകെ ഹാജരാകാന്‍ ജസ്റ്റിസ് കുര്യന്‍ജോസഫ്, മോഹന്‍ എം ശാന്തനഗൗഢര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടത്. രണ്ട് ജഡ്ജിമാരും സംസാരിച്ചെങ്കിലും പിരിയണമെന്ന തീരുമാനത്തില്‍ ദമ്പതികള്‍ ഉറച്ചുനിന്നതോടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കി കോടതി തര്‍ക്കം അവസാനിപ്പിക്കുകയായിരുന്നു.
വിവാഹമോചനത്തിന് ഒത്തുതീര്‍പ്പിലെത്തിയശേഷം പിരിയുന്നതിന് ആറുമാസം കാത്തിരിക്കണമെങ്കിലും ഇത് കാര്യമാക്കാതെ കോടതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. മാതാപിതാക്കള്‍ തമ്മില്‍ ഏഴുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് പരിഹാരം കണ്ടതിനാണ് ഇവരുടെ മകന്‍ കോടതിക്ക് നന്ദി അറിയിച്ച് കത്തെഴുതിയത്.
വികാരനിര്‍ഭരമാണ് ആ കത്തിലെ വരികളെന്നും തങ്ങള്‍ക്ക് ലഭിച്ച ഏറെ വിലപിടിപ്പുള്ള പ്രശംസയാണ് ഇതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.