ബെംഗളൂരു : കാവേരി നദീജല പ്രശ്നത്തിലെ സുപ്രീം കോടതി വിധിയിൽ നിയമോപദേശം തേടിയശേഷം അന്തിമ തീരുമാനത്തിലെത്താൻ സർവകക്ഷി സമിതി യോഗം തീരുമാനിച്ചു. കോടതി നിർദേശപ്രകാരമുള്ള കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരണത്തിലും നിയമോപദേശം തേടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ വിധാൻസൗധയിൽ നടന്ന യോഗം തീരുമാനിച്ചു.
കാവേരി നദീജല തർക്കപരിഹാര ട്രൈബ്യൂണൽ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൻമേലുള്ള വിധിയിൽ കർണാടകയുടെ വിഹിതം 284.75 ടിഎംസി അടിയായി വർധിക്കുകയും തമിഴ്നാടിന്റെത് 404. 25 ടിഎംസി അടിയായി കുറയ്ക്കുകയും ചെയ്തിരുന്നു. ബെംഗളൂരുവിന് 4.75 ടിഎംസി അടി ഉൾപ്പെടെ കർണാടകയ്ക്ക് 14.75 ടിഎംസി അടി ജലമാണ് അധികമായി അനുവദിച്ചത്.
സുപ്രീം കോടതി വിധി വന്നയുടൻ ഇതു സംസ്ഥാനത്തിന് ആശ്വാസമാണെന്നു സർക്കാർ വിലയിരുത്തിയെങ്കിലും ഇത്രയധികം ജലം വിട്ടുകൊടുത്താൽ ഭാവിയിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുടെ ഉപദേശം മാനിച്ചാണ് റിവ്യു ഹർജി നൽകുന്നതു സംബന്ധിച്ച് നിയമോപദേശം തേടുന്നത്.
കർണാടകയുടെ ഹർജി സുപ്രീം കോടതി ഭാഗികമായി ശരിവയ്ക്കുകയായിരുന്നെന്ന് യോഗത്തിനു ശേഷം സിദ്ധരാമയ്യ വിലയിരുത്തി. സാധാരണ തോതിൽ മഴ ലഭിക്കുന്ന വർഷങ്ങളിൽ സംസ്ഥാന അതിർത്തിയിലെ ബിലുഗുണ്ടുലു അണക്കെട്ടിൽനിന്നു തമിഴ്നാടിന് 192 ടിഎംസി അടി ജലം വിട്ടുകൊടുക്കണമെന്നായിരുന്നു ടൈബ്യൂണലിന്റെ 2007ലെ ഉത്തരവ്.
ജലവിഭവ മന്ത്രി എം.ബി. പാട്ടീൽ, പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടർ, ദൾ എംഎൽഎ വൈ.എസ്.വൈ. ദത്ത, ചീഫ് സെക്രട്ടറി രത്നപ്രഭ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ ദേവെഗൗഡയെ മുഖ്യമന്ത്രി ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.