എന്നെ തേടിവന്ന മാലാഖ

ഇവൾ എന്റെ കൈപിടിച്ചു ഓടാൻതുടങ്ങിയിട്ടു ഒരുപാടു സമയമായി. ഇതിനിടക്ക് ഞങ്ങൾ കുന്നുകളും മലകളും സമുദ്രവും താണ്ടി മരുഭൂമിയിലെത്തിയിരിക്കുന്നു.

എന്റെ കാലുകൾ തളരാൻ തുടങ്ങി. പലപ്പോഴും വീണുപോവുന്നുണ്ട്. അപ്പൊഴെല്ലാം ഇവൾ എന്നെ വലിച്ചുയർത്തുന്നുണ്ട്.
അതിനുമാത്രം ഇവൾക്കെവിടുന്നാണിത്ര ശക്തി. ഞാൻ അവളുടെ മുഖത്തോട്ടു നോക്കി. തോറ്റിട്ടും തോൽക്കാത്തവളുടെ ആത്മവിശ്വാസമാണവളുടെ മുഖത്തെനിക്കു കാണാൻ കഴിയുന്നത്. അതുകൊണ്ടാണല്ലോ ഇവൾ ഇത്രയും ദൂരം താണ്ടി എന്നെ തേടിവന്നത്.

പലതരത്തിലുള്ള ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടക്കുമുന്നിലെ ടേബിളിൽ ഇരുന്നു ഭക്ഷണം കഴിച്ചു കൈ കഴുകാൻവേണ്ടി എണീറ്റുപോന്നപ്പോൾ എന്റെ കയ്യിൽ ആരോ പിടിചുവലിക്കുന്നതുകണ്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്. ഒരു കുഞ്ഞു മാലാഖ.

അവൾക്കു അഞ്ചു വയസ്സു പ്രായം തോന്നിക്കുന്നുണ്ട്. പുതിയതാണെങ്കിലും മുഷിഞ്ഞ വേഷം. വിശന്നുവലഞ്ഞിട്ടുണ്ടെങ്കിലും, ഇല്ലാത്ത ചിരി മുഖത്തുവരുത്താനവൾ ശ്രമിക്കുന്നുണ്ട്. ഒരു ദൂരയാത്രയുടെ ക്ഷീണം അവളിൽ എനിക്ക് കാണാൻ കഴിഞ്ഞു.

എനിക്ക് മനസ്സിലാക്കാത്ത അറബിക് ഭാഷയോട് സാമ്യമുള്ള എന്തോ ഒരു ഭാഷയിൽ അവൾ എന്തൊക്കെയോ പറഞ്ഞു, അല്ല എന്നോട് ചോദിക്കുകയായിരുന്നു.
ഭക്ഷണങ്ങൾ നിറച്ച തളികകൾ നിരത്തിയ ചില്ലുകൂട്ടിലേക്കു ചൂണ്ടിയ കൈ കണ്ടപ്പോൾ അവളുടെ ഭാഷ വിശപ്പിന്റെ ഭാഷയാണെന്നെനിക്കു മനസ്സിലായി.

മോൾക്ക്‌ വിശക്കുന്നുണ്ടോ? എനിക്കറിയാവുന്ന ഭാഷയിൽ ഞാൻ അവളോട്‌ ചോദിച്ചു.

ചോദ്യം മനസ്സിലായില്ലെങ്കിലും അവൾ തലയാട്ടി. അല്ലെങ്കിലും വിശക്കുന്നവന്റെ ഭാഷ ഒന്നുതന്നെയല്ലേ…

അവൾക്കുവേണ്ട ഭക്ഷങ്ങൾ നിറച്ച കവർ കൊടുക്കാൻനേരം അവളെന്റെ കയ്യിൽ മുറുകെ പിടിച്ചു. പലതവണ കൈ വിടുവിക്കാൻ ശ്രമിച്ചിട്ടും എനിക്ക് പറ്റുന്നില്ല. ഈ കുഞ്ഞിനെവിടുന്നാ ഇത്രയും ശക്തി എന്നു ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവൾ എന്നെയുംപിടിച്ചുകൊണ്ടു ഓടാൻതുടങ്ങിയിരുന്നു.

ആദ്യം ഒരു അമ്പരപ്പായിരുന്നു. ആളുകൾ തിങ്ങിനിറഞ്ഞ സ്ട്രീറ്റിലൂടെ ഓടുന്നതിനിടയിൽ ഞാൻ അവളുടെ കൈയിൽനിന്നും കുതറിമാറാൻ ശ്രമിച്ചു പലവട്ടം പരാജയപ്പെട്ടു. ആളുകളോട് ഞാൻ സഹായമഭ്യാർത്തിച്ചു, പക്ഷെ ആരുംതന്നെ എന്നെ കാണുന്നില്ലയിരുന്നു. അവരെല്ലാം തങ്ങളുടെ കൈയിലെ മൊബൈലിലേക്ക് നോക്കിക്കൊണ്ടു നടക്കുകയായിരുന്നു.

അമ്പരപ്പുമാറിയപ്പോഴേക്കും ഞങ്ങൾ നഗരങ്ങളും ഗ്രാമങ്ങളും പിന്നിട്ടു വനപ്രദേശത്തെത്തിയിരുന്നു. അപ്പോൾ എനിക്ക് ആകാംഷ മാത്രമായി, പുതിയ കാഴ്ചകൾ കാണുന്നതിനുള്ള ആകാംഷ. എന്നിരുന്നാലും ഞാൻ പലപ്പോഴും അവളോട്‌ ചോദിച്ചുകൊണ്ടിരുന്നു. അപ്പൊഴെല്ലാം അതിനെല്ലാം ഉള്ള ഉത്തരം അവൾ ഒരു പുഞ്ചിരിയിൽ ഒതുക്കി.

ഇനി വയ്യ… എന്റെ കാലുകൾ തളർന്നുതുടങ്ങിയിരിക്കുന്നു. മരുഭൂമിയിലെ ചൂട് എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.

ഈ യാത്ര എങ്ങോട്ടാണ്… ഇനിയും ഒരുപാട് പോവാനുണ്ടോ…

എന്റെ ചോദ്യത്തിനുള്ള ഉത്തരം ദൂരേകാണുന്ന ആ മലക്കപ്പുറമാണെന്നു എനിക്കവൾ ചൂണ്ടിക്കാണിച്ചുതന്നു.
അപ്പോഴും അവളുടെ കയ്യിൽ ഞാൻ കൊടുത്ത ഭക്ഷണപ്പൊതി ഭദ്രമായിരുന്നു.

ഞങ്ങൾ മലയിറങ്ങി ചെന്നത് തകർന്നു തരിപ്പണമായ ഒരു നഗരത്തിലേക്കാണ്. അവിടെയാകമാനം ഇരുണ്ട പുകപടങ്ങൾ മൂടിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നിറഞ്ഞ ആ നഗരത്തിലൂടെ നടക്കുമ്പോൾ എങ്ങും നിലവിളികൾ മാത്രമേ എനിക്കു കേൾക്കാൻ കഴിഞ്ഞോള്ളൂ. പട്ടിണിക്കൊലങ്ങളായ മനുഷ്യജന്മങ്ങൾ ഭക്ഷണത്തിനായി ഞങ്ങൾക്കുനേരെ കൈനീട്ടുന്നു. അവർക്കെല്ലാം അവൾ കയ്യിലെ കവറിൽനിന്നും വേണ്ടത് എടുത്തുകൊടുക്കുന്നുണ്ട്.

അല്ല… ഞാൻ ഇത്രയധികം ഭക്ഷണം ഇവൾക്ക് വാങ്ങിച്ചുകൊടുത്തില്ലായിരുന്നല്ലോ… പിന്നെയെങ്ങിനെ !!!
ചോദിക്കണമെന്നുണ്ട്, അല്ലെങ്കിൽ ചോദിച്ചിട്ടെന്തിനാ… ഇത്രയും നേരം ഞാൻ കണ്ടതും അനുഭവിച്ചതും വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നല്ലോ…

മുന്നോട്ടുപോകും തോറും വിശപ്പിന്റെ നിലവിളികൾ വേദനയുടെ കൂടിയായി. അവിടെയാകമാനം രക്തത്തിന്റെ മണമായിരുന്നു. യുദ്ധവിമാനങ്ങളിൽ നിന്നും വീഴുന്ന മിസയ്ലുകൾ അവിടെ തീഗോളമാക്കുന്നു. നിലവിളിച്ചുകൊണ്ടു ഓടുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ.

അവസാനം ഞങ്ങൾ എതിയതു ഒരു മൈതാനത്തിനാടുത്താണ്. ഒഴിഞ്ഞ ഒരു സ്ഥലത്തിനെ ചുറ്റുമതിൽ കെട്ടിവേർതിരിച്ചിരിക്കുന്നു.
ഞങ്ങൾ ഗേറ്റ് കടന്നു ഉള്ളിൽ കയറി. വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ മൃതദേഹങ്ങൾ നിരനിരയായി കിടത്തിയിരിക്കുന്നു. എങ്ങും തികഞ്ഞ നിഷഭ്തത, ഇടക്കിടക്ക് ആരൊക്കെയോ തേങ്ങിക്കരയുന്നപോലെയുള്ള ശബ്ദങ്ങൾ. ഒറ്റക്കും കൂട്ടമായും വന്നു മൃതദേഹങ്ങൾ പരിശോധിക്കുന്നവർ.

അവിടെകിടത്തിയിരിക്കുന്ന ഓരോ മൃതദേഹങ്ങളെയും മൂടിയിരിക്കുന്ന തുണിമാറ്റിനോക്കിയ ഞാൻ ഞെട്ടിപ്പോയി… എല്ലാം എനിക്ക് വേണ്ടപ്പെട്ടവർ. എന്റെ ഹൃദയം മിടിക്കാൻ തുടങ്ങി. അതുപൊട്ടുമെന്നു തോന്നിയപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്.

ഇല്ല… ഇനി എനിക്കുറങ്ങാൻ സാധിക്കില്ല… എനിക്കെന്നല്ല ഒരാൾക്കും ഉറങ്ങാൻ സാധിക്കില്ല. കാരണം ഞാൻ കണ്ട സ്വപ്നം അത്രയ്ക്കു ഭയാനഗമായിരുന്നു.

നമുക്ക് വേണ്ടപ്പെട്ടവരാണ് അവിടെയുള്ളതെന്നു കാണിച്ചു തരാൻവേണ്ടി വന്ന അവളെന്നു എനിക്ക് മനസ്സിലാവാൻ എനിക്കതികം സമയം വേണ്ടിവന്നില്ല.

ലേഖകൻ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us