ബെംഗളൂരു : ബാനസവാടിയിലേക്കു രണ്ട് എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ മാറ്റിയതിനെ തുടർന്നു പുലർച്ചെ ഇവിടെ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നേരിടുന്ന തുടർയാത്രാ ദുരിതത്തിന് പരിഹാരമായി ബാനസവാടി റെയിൽവേ സ്റ്റേഷനിൽ അതിരാവിലെയും മറ്റും എത്തുന്ന യാത്രികരുടെ സൗകര്യാർഥം മജസ്റ്റിക്കിലേക്കുള്ള ബിഎംടിസി മിനി ബസ് സർവീസ് ഇന്ന് ഉദ്ഘാടനം ചെയ്തു.
ഓട്ടോറിക്ഷക്കാരുടെ കൊല്ലുന്ന വിലയുംസുരക്ഷിതത്വം സംബന്ധിച്ച ആശങ്കകളും, ചൂണ്ടിക്കാട്ടി കേരള സമാജ മടക്കമുള്ള മലയാളി സംഘടനകൾ ഉയർത്തിയ ആവശ്യത്തെ തുടർന്നു ബെംഗളൂരു വികസന മന്ത്രി കെ.ജെ ജോർജും ഗതാഗത മന്ത്രി എച്ച്.എം രേവണ്ണയും ഇടപെട്ടാണു മിനി ബസ് സർവീസിന് സൗകര്യം ഒരുക്കിയത്.മന്ത്രി ജോർജിന്റെ മണ്ഡലമായ സർവജ്ഞനഗറിലാണ് ബാനസവാടി റെയിൽവേ സ്റ്റേഷനുള്ളതും.
∙ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ബസ് വലതു വശത്തേക്കു തിരിഞ്ഞു വീലർ റോഡ്, ഫ്രെയ്സർ ടൗൺ, കോൾസ് പാർക്ക്, ബാംബൂ ബസാർ, ശിവാജി നഗർ, കെആർ മാർക്കറ്റ് വഴി മജസ്റ്റിക്കിലെത്തും.രാവിലെ നാലിനും മറ്റും ബാനസവാടിയിൽ നിന്നു സർവീസ് നടത്തേണ്ടതിനാൽ മറ്റു സ്ഥലങ്ങളിലേക്കുള്ള ബിഎംടിസി രാത്രി സർവീസിന്റെ തുടർച്ചയായാണ് ഇതിനെ പരിഗണിക്കുന്നത്.രാത്രി 12 മണിയോടെ ബസുകൾ സ്റ്റേഷനിൽ എത്തി പാർക്ക് ചെയ്യുകയും തുടർന്ന് അതിരാവിലെ സർവീസ് പുനരാരംഭിക്കുകയും ചെയ്യുമെന്നും പീറ്റർ പറഞ്ഞു.ബാനസവാടി സ്റ്റേഷനിലേക്കുള്ള ഇടുങ്ങിയ റോഡുകൾ പരിഗണനയിലെടുത്താണു ബിഎംടിസി മിനി ബസ് ഓടിക്കുന്നത്. മലയാളികൾ കൂടുതലായും ആശ്രയിക്കുന്ന, എറണാകുളം – ബാനസവാടി സൂപ്പർഫാസ്റ്റ് (22607, 12683) ബെംഗളൂരുവിലെത്തുന്ന മൂന്നു ദിവസങ്ങളിൽ ഉൾപ്പെടെ മിനി ബസ് സർവീസുകൾ പീക്ക് അവറിൽ സജീവമായിരിക്കും.