ദുബായ്∙ നടി ശ്രീദേവിയുടേത് അപകടമരണമാണെന്നു റിപ്പോർട്ട്. ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിലാണ് ഇക്കാര്യമുള്ളത്. 24നാണു ശ്രീദേവിയുടെ മരണം സംഭവിച്ചത്. മുങ്ങി മരിച്ചെന്നാണു റിപ്പോർട്ടിൽ പറയുന്നത്. യുഎഇ പൊതു ആരോഗ്യമന്ത്രാലയം പുറത്തുവിട്ട മരണ സർട്ടിഫിക്കറ്റിലാണ് ഇക്കാര്യമുള്ളത്. ‘മുങ്ങിമരണം’ എന്നാണ് അപകടത്തിന്റെ കാരണമായി സർട്ടിഫിക്കറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഹൃദയസ്തംഭനം കാരണമാണു ശ്രീദേവി മരിച്ചതെന്നായിരുന്നു നേരത്തേ റിപ്പോർട്ടുകൾ. എന്നാൽ ബാത് ടബിൽ കിടക്കുന്ന നിലയിലാണ് ശ്രീദേവിയെ കണ്ടെത്തിയതെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. മുങ്ങിമരണമാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണ് ഇപ്പോൾ മരണ സർട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നതും.
ഇന്നലെ മുതൽ തന്നെ ശ്രീദേവിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ ചർച്ചയായിരുന്നു. തുടക്കത്തിൽ ഹൃദയാഘാതം കൊണ്ടുള്ള സ്വാഭാവിക മരണം എന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് പോസ്റ്റ്മോർട്ടം പോലും വേണ്ടിവരില്ലെന്നും ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. പിടിഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം കോൺസുലേറ്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു പുറത്തു വിട്ടത്.
എന്നാൽ പിന്നീട് ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കുന്നതിനിടെയാണ് ദുരൂഹത ഉയർന്നത്. സംഭവത്തിൽ ബർ ദുബായ് പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. ശ്രീദേവി ദുബായിൽ താമസിച്ചിരുന്ന ഹോട്ടലിലും പരിശോധന നടത്തി. ഇതിനിടെയാണിപ്പോൾ മരണ സർട്ടിഫിക്കറ്റ് പുറത്തുവന്നിരിക്കുന്നത്.