ബെംഗളൂരു :ലെസ് ട്രാഫിക് ദിനത്തിൽ സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നു ഗതാഗത മന്ത്രി എച്ച്.എം. രേവണ്ണ പറഞ്ഞു. ഓട്ടോ, വെബ്ടാക്സി, സ്വകാര്യ ബസ് സർവീസുകൾ എന്നിവയെ തടയില്ല. പൊതുഗതാഗത മാർഗങ്ങളിലേക്കു കൂടുതൽപേരെ ആകർഷിക്കാനാണ് ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ വായുമലിനീകരണ തോതു പരിശോധിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രേവണ്ണ പറഞ്ഞു.
നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കിയുള്ള ആദ്യ ലെസ് ട്രാഫിക് ദിനാചരണം ഇന്ന്. പൊതുഗതാഗത സംവിധാനത്തിലേക്കു കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി ബിഎംടിസിയും നമ്മ മെട്രോയും ഇന്നു കൂടുതൽ സർവീസുകൾ നടത്തും. 70 രൂപയുടെ പ്രതിദിന പാസിന് ബിഎംടിസി ഇന്ന് അഞ്ചുരൂപ കുറച്ച് 65 രൂപ മാത്രമേ ഈടാക്കുകയുള്ളൂ. മറ്റു ടിക്കറ്റ് നിരക്കുകളിൽ മാറ്റമുണ്ടാകില്ല. നമ്മ മെട്രോ സ്മാർട്ട് കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കു ടിക്കറ്റ് നിരക്കിൽ 25 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടോക്കൺ ടിക്കറ്റുകളിൽ നിരക്കിളവ് ഉണ്ടാകില്ല. ബിഎംടിസി മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടു രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ അധിക ഫീഡർ സർവീസുകൾ നടത്തും. തിരക്കുള്ള സമയങ്ങളിൽ നാലു മിനിറ്റ് ഇടവേളയിൽ മെട്രോ സർവീസ് നടത്തും.
കർണാടക മലിനീകരണ നിയന്ത്രണ ബോർഡ്, സിറ്റി ട്രാഫിക് പൊലീസ്, ബിബിഎംപി, ബിഎംടിസി, ബിഎംആർസിഎൽ എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ലെസ് ട്രാഫിക് ദിനാഘോഷം സംഘടിപ്പിക്കുന്നത്. എല്ലാ മാസത്തിലെയും രണ്ടാമത്തെ ഞായറാഴ്ചയാണ് ലെസ് ട്രാഫിക് ദിനമായി ആചരിക്കുന്നത്.
ബസ്, മെട്രോ ട്രെയിൻ എന്നിവയിലേക്കു കൂടുതൽ പേരെ ആകർഷിക്കുന്നതിനൊപ്പം നഗരം നേരിടുന്ന വായുമലിനീകരണം കുറച്ചുകൊണ്ടു വരാനാണ് ദിനാഘോഷത്തിലൂടെ ലക്ഷ്യമിടുന്നത്. 2017 ഡിസംബർ വരെയുള്ള മോട്ടോർ വാഹനവകുപ്പിന്റെ കണക്കുപ്രകാരം 72 ലക്ഷം സ്വകാര്യ വാഹനങ്ങളാണ് നഗരത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.