കന്നഡ സംഘടനകൾ ഇന്നു പ്രഖ്യാപിച്ചിരുന്ന ബെംഗളൂരു ബന്ദ് പിൻവലിക്കുകകൂടി ചെയ്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷക്കണക്കിനു പ്രവർത്തകരെ സമ്മേളനത്തിൽ പങ്കെടുപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണു ബിജെപി. ചിത്രദുർഗയിൽനിന്നുമാത്രം 25000 പ്രവർത്തകർ എത്തുമെന്നു പാർട്ടി നേതാക്കൾ പറയുന്നു. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കും പ്രാതലും ഉച്ചഭക്ഷണവും തയാറാക്കാൻ 600 പാചകക്കാരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാൻ അഭ്യർഥിച്ചു ബെംഗളൂരുവിൽ കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ ലഘുലേഖ വിതരണവും നടത്തിയിരുന്നു.
മോദിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിലൂടെ തൽസമയം സംപ്രേഷണം ചെയ്യുമെന്നും ബിജെപി അറിയിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, പീയൂഷ് ഗോയൽ, എച്ച്.എൻ.അനന്ത്കുമാർ, ഡി.വി.സദാനന്ദഗൗഡ, അനന്ത്കുമാർ ഹെഗ്ഡെ തുടങ്ങിയവരും റാലിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണു ബെംഗളൂരുവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പരിപാടി നടക്കുന്നിടത്തേക്കു പ്രതിഷേധക്കാരെ കടത്തിവിടില്ലെന്നു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽകുമാർ പറഞ്ഞു. ഇന്നു പാലസ് ഗ്രൗണ്ടിനു സമീപത്തെ റോഡുകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.
1200 ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ ഗതാഗത നിയന്ത്രണത്തിനായി രംഗത്തുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ പ്രധാനമന്ത്രിയുടെ സന്ദർശനം പാർട്ടിക്കു കൂടുതൽ ഊർജം നൽകുമെന്ന കണക്കുകൂട്ടലിലാണു ബിജെപി. അതേസമയം മഹാദായി നദീജല പ്രശ്നത്തിൽ പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കണമെന്നു കന്നഡ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അമിത് ഷാ രണ്ടാഴ്ച മുൻപു മൈസൂരു സന്ദർശിച്ചപ്പോൾ ഇക്കാര്യത്തിൽ മൗനം പാലിച്ചിരുന്നു. അതേസമയം മഹാദായി പ്രശ്നവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രി സംസാരിച്ചേക്കില്ലെന്നു ബി.എസ്.യെഡിയൂരപ്പ കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു.