ഉടുമ്പുകള്‍ (Monitor Lizard): ആവാസമേഖലയില്‍ നിന്ന് മാഞ്ഞുകൊണ്ടിരിക്കുന്ന അതിഥി ……

വര്ഷം 1670,
മുഗള്‍ -മറാത്ത യുദ്ധം അതിന്റെ തീവ്രതയില്‍ നില്‍ക്കുന്ന സമയം ..ശിവജിയുടെ ഉറ്റ അനുയായിയായ താനാജി മലൂസറെയുടെ നേതൃത്വത്തില്‍ അഞ്ഞൂറിലേറെ വരുന്ന അനുയായികള്‍ തന്ത്ര പ്രധാനമായ ‘കൊണ്ടന കോട്ട’ പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്ന സമയം …ചെങ്കുത്തായ പാറകെട്ടുകളാല്‍ വലയം ചെയ്തു, സഹ്യാദ്രി ശ്രിംഗങ്ങളില്‍ നിലകൊള്ളുന്ന തന്ത്ര പ്രധാനമായ ശക്തി ദുര്‍ഗ്ഗമാണ് കൊണ്ടന കോട്ട …ഔറംഗസീബിന്റെ അധീനതയില്‍ രജപുത്താനയിലെ മിര്‍സ രാജ ജയസിംഗിന്റെ ബന്ധുവായ ഉദയ ഭാനു റാത്തോഡ് ആണ് കോട്ടയുടെ കാവല്‍ …അയ്യായിരത്തോളം വരുന്ന പടയാളികളുടെ കനത്ത നിരീക്ഷണം …എന്നാല്‍ താനാജിക്ക് ചില കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു …കോട്ടയുടെ പടിഞ്ഞാറു ഭാഗത്ത് ഒരു ചെറിയ ഗോപുരം നിലനില്‍ക്കുന്നു …കീഴ്ക്കാം തൂക്കായ പാറ കെട്ടുകള്‍ ആണ് അതിനു താഴെ, ആയതിനാല്‍ ശത്രുക്കള്‍ക്ക് കയറാന്‍ യാതൊരു വിധ ലക്ഷണങ്ങളുമില്ല ..കാവല്‍ക്കാരുടെ ശ്രദ്ധയും അങ്ങോട്ട്‌ എത്തില്ല …തയ്യാറായി നിന്ന സൈനീകര്‍ക്ക് അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി ..ശേഷം ഒരു കൂട തുറന്നു താന്‍ ഓമനിച്ചു വളര്‍ത്തുന്ന ഒരു ഉരഗമായ ‘യശ്വന്തി ‘ എന്ന ഉടുമ്പിനെ പുറത്തെടുത്തു …ശേഷം അതിന്റെ ദേഹത്ത്‌ ഒരു കയറു കെട്ടി മുകളിലേക്ക് എറിഞ്ഞു ..തുടര്‍ന്ന് അതില്‍ പിടിച്ചു ഓരോരുത്തരായി മുകളിലേക്ക് ……

മറാത്ത ചരിത്രത്തിലെ ഒരു മഹത്തായ ഏടാണ് കൊണ്ടന കോട്ടയിലെ അവരുടെ വിജയം ..എന്നാല്‍ പറഞ്ഞു വരുന്നത് ഇതിലടക്കം പരാമര്‍ശമുള്ള ചരിത്രാതീത കാലം മുതല്‍ക്കേയുള്ള ഒരു ഉരഗ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയെ കുറിച്ചാണ് ….തന്റെ ഉറച്ച പേശികളുടെ സഹായത്താല്‍ എവിടെയും ഉറച്ചു പിടിച്ചിരിക്കുന്ന ഈ വര്‍ഗ്ഗത്തെ കുറിച്ച് പിന്നെയും നാട്ടില്‍ ചിലത് കേട്ടിട്ടുണ്ട് ….കവര്ച്ചയ്ക്ക് വേണ്ടിയും മറ്റും ഇവയെ ഉപയോഗിച്ച പൊടിപ്പും തൊങ്ങലും നിറഞ്ഞ കഥകള്‍ ….എന്തിനു ‘ഉടുമ്പ് പിടുത്തം’ എന്ന രസകരമായ ചൊല്ല് വരെ പ്രചരിച്ചു ….

കാലം മാറിയപ്പോള്‍ .പിന്നീട് ഇവറ്റകളെ ഇറച്ചിക്ക് വേണ്ടിയും ..ആഭിജാര ക്രിയകള്‍ക്ക് വേണ്ടിയും മറ്റും വേട്ടയാടുന്നത് ശീലമായി ..ഈ അടുത്ത് ന്യൂഡല്‍ഹിയില്‍ ഒരു ഗ്യാങ്ങിനെ പോലീസ് രഹസ്യമായി പിന്തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അതി ക്രൂരമായിരുന്നു ..അന്യ രാജ്യങ്ങളിൽ മറ്റും പ്രചരിക്കുന്ന ആഭിജാര കഥകളുടെ ചുവടു പിടിച്ചു ഉടുമ്പുകളുടെ ലൈംഗീകാവയവങ്ങള്‍ ഉണക്കി രഹസ്യമായി വില്‍പ്പന നടത്തുന്നു …. (hatha jodi എന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്‌താല്‍ ആഴ്ചകള്‍ക്ക് മുന്പ് വരെ ഇത് ദൃശ്യമായിരുന്നു )..ജ്യോതിശാസ്ത്രപ്രകാരം ഇതുപയോഗിച്ച് പൂജ ചെയ്‌താല്‍ ധനലബ്ദി സൗഭാഗ്യവുമൊക്കെ ഉണ്ടാകുമെന്ന് ആരോക്കയോ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു …

വംശ നാശ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന monitor lizard എന്ന് ആംഗലേയ തലത്തില്‍ അറിയപ്പെടുന്ന ഈ പാവങ്ങളുടെ അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ് …

.കേരളത്തിൽ രണ്ടു തരം ഉടുമ്പുകൾ പണ്ടുണ്ടായിരുന്നു …അതിൽ അൽപ്പം മഞ്ഞ നിറത്തിൽ കാണുന്ന പൊന്നുടുമ്പ് ( varanus bengalensis) മാത്രമേ ഇന്ന് ഭൂരിഭാഗവും അവശേഷിക്കുന്നുള്ളൂ ….’കാരിടുമ്പ് (മണ്ണുടുമ്പ് ) എന്ന വിഭാഗം ഇന്ന് അപൂർവ്വമായേ കാണാറുള്ളൂ …..

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുൻപ് ഇതിനെ ധാരാളമായി കണ്ടിരുന്നു ….പൊതുവെ മാംസഭുക്കുകളാണ് ഈ ചങ്ങാതിമാര്‍ …ചെറിയ മാളങളിലും..മറ്റുമാണ് വാസം…തണുത്ത കാലാവസ്ഥ ഉടുമ്പിനു സാധാരണ ഇണങില്ല…! അൻപത് കൊല്ലംവരെയാണ് ഈ കൂട്ടത്തിന്റെ ആയുസ്……

പ്രായപൂർത്തിയായ ഒരു പൊന്നുടുമ്പിന്റെ നീളം ഏകദേശം ഇരുപത് സെന്റീമീറ്റർ വരും ….ഏതാണ്ട് പതി മൂന്ന് തരം വർഗ്ഗങ്ങൾ ഏഷ്യയിൽ കൂടുതലായി കാണപ്പെടുന്നുണ്ട് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്
വംശ നാശം സംഭവിച്ച ഭീമൻ ഉരഗങ്ങളുടെ പ്രതിനിധികൾ എന്ന നിലയ്ക്കാണ് നമ്മുടെ നാട്ടിലെ ഉടുമ്പുകളെ സാധാരണ വിലയിരുത്തുന്നത് … പക്ഷെ ഉടുമ്പുവർഗ്ഗത്തിലെ ഭീമനെ തപ്പി പോകുയാണെങ്കിൽ ഇൻഡോനേഷ്യയിലെ കൊമോഡോ ദ്വീപിൽ ആ അന്വേഷണം എത്തി നിൽക്കും …..!10 feet ( 3 മീറ്റർ)നീളവും, എൺപതു കിലോ തൂക്കവുമുള്ള ഇത്തരം ഉടുമ്പുകളെ കണ്ടെത്തിയത് ഈ പ്രദേശത്തു നിന്നായിരുന്നു …അതുകൊണ്ടു ആ ദ്വീപിന്റെ തന്നെ പേര് ചേർത്തു കൊമോഡോ ഉടുമ്പുകൾ (Comodo dragon) എന്ന് തന്നെയാണ് വിളിക്കുന്നത് ..പരിണാമത്തിന്റെ തുടക്കം ഇതിനെ സ്പർശിച്ചു നീങ്ങും …..പ്രായപൂർത്തിയാവുന്ന വേളയിൽ ഉറപ്പേറിയതും ചാര നിറത്തിലുമുള്ള തൊലിയാണ് ഇവയ്ക്കുള്ളത് ..!

നമ്മുടെ നാട്ടിലെ ഉടുമ്പുകൾ പൊതുവെ അക്രമകാരികളല്ല ..എന്നാൽ ‘കൊമോഡോ’ ആള് ഇത്തിരി പിശകാണ് …അക്രമകാരികളായ ഇവയുടെ ഭക്ഷണരീതി തന്നെ നോക്കിയാൽ വിചിത്രമാണ് ….മാനുകളെ വരെ വേട്ടയാടി ഭക്ഷിക്കുന്ന ഇത് തരം കിട്ടിയാൽ ഒരു കാട്ടുപോത്തിനേ വരെ കീഴടക്കും …

നിലവിൽ ന്യൂയോർക്കിലെ മൃഗശാലയിൽ മാത്രമാണ് വംശനാശം നേരിടുന്ന ഇവയെ പരിപാലിച്ചു കൊണ്ടിരിക്കുന്നത് ..

നാട്ടിലെ ഉടുമ്പുകൾ കൂടുതലായും ഭക്ഷണമാക്കുന്നത് ….കോഴികൾ …എലികൾ തുടങ്ങി പാമ്പു വരെയുള്ള ജീവികളെയാണ് …..പാമ്പുകൾ സാധാരണയായി നാവുകൾ കൊണ്ട് കാര്യങ്ങൾ ഗ്രഹിക്കുന്നത് പോലെ തന്നെയാണ് ..ഉടുമ്പുകളുടെ നാവുകളിലെ സംവേദന ഗ്രന്ഥിയുടെ ധർമ്മവും ….ദൂരത്തുള്ള ഇരയെ കണ്ടത്തി ഭക്ഷണമാക്കാൻ ഇവയെ ഇത് സഹായിക്കുന്നു..ഉടുമ്പുകളെ കുറിച്ച് പറയുമ്പോള്‍ അവയുടെ വേഗത പ്രത്യേകം പരാമര്ഷിച്ചേ തീരൂ ..നല്ല ഒന്നാന്തരം ഓട്ടക്കാരാണ് ഈ അതിഥികള്‍ …. .

എന്തുകൊണ്ടാണ് ഇവയെ മോണിറ്റർ ലിസാർഡ് (Monitor lizard) എന്ന് വിളിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ ..?

ആ പേരിനും ഒരു ചരിത്രമുണ്ട് ….നിലവിൽ ചില തടാകങ്ങളുടെ അരികുകളിൽ ഇവ കൂടുതലായി കാണപ്പെടുന്നു …കാരണം ഇവയ്ക്ക് ഏറ്റവും ഇഷ്ടം മുതലയുടെ മുട്ടയാണ് … തടാകത്തിന്റെ അരികുകളിൽ മുട്ടയിട്ടു വെയ്ക്കുന്ന ഇവയുടെ സ്വഭാവം ഉടുമ്പുകൾക്ക് കാണാപ്പാഠമാണ് …. അങ്ങനെ തക്കം പാർത്തു ഇരിക്കുന്ന ഇവയെ മനുഷ്യർ കണ്ടിരുന്നത് മുതല ആ സമീപ പ്രേദേശത്ത് എവിടേയോ ഉണ്ടെന്ന അപായസൂചകരായിട്ടാണ് ….അപ്രകാരമാണ് ആ നാമം വന്നു ചേർന്നത് ….

ഇവയെ നായയെപ്പോലെ ഇണക്കിവളർത്താമെന്നു കേട്ടിട്ടുണ്ട് …..മൽസ്യ -മാംസ കക്ഷണങ്ങൾ ഒക്കെ കൊടുത്തു നല്ലവണ്ണം പരിപാലിച്ചു തന്നെയെങ്കിൽ നിൽക്കും ….പണ്ട് ഞങ്ങളുടെ നാട്ടിൽ പ്രായമായി ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരു സ്ത്രീ രാത്രിയിൽ അത്താഴം കഴിഞ്ഞു ബാക്കി വരുന്ന ഭക്ഷണം പുറത്തു ഒരു ബാസ്‌ക്കറ്റിൽ നായകൾക്ക് വേണ്ടി നിക്ഷേപിച്ചിരുന്നു ..എന്നാൽ അത് സാമാന്യം വലിപ്പമുള്ള ഒരുടുമ്പ് നിത്യവും ഭക്ഷണമാക്കിയിരുന്നു ….ഈ മോഷണം കുറച്ചു നാളുകൾ തുടർന്നു പോയി ..ഒടുവിൽ ഈ സ്ത്രീ കാണാനിടയായി ..ശേഷം അവർ കുറച്ചധികം ഭക്ഷണം ഇതിനു വേണ്ടി നീക്കി വെയ്ക്കും ….പിന്നീട് അവർ അടുത്ത് വന്നാലും ഇത് ഭയമില്ലാതെ അവിടെ തന്നെ നിന്നും സാധനങ്ങൾ ഭക്ഷിക്കുമായിരുന്നു …..തുടർന്ന് നല്ലവണ്ണം തന്നെ ഇണങ്ങിയിരുന്നു ….

ചെറുമർ ,വേടന്മാർ തുടങ്ങി മണ്ണിനെ അടുത്തറിയുന്ന മനുഷ്യരാണ് നമ്മുടെ നാട്ടിൽ കൂടുതലും ഇവയെ വേട്ടയാടിയിരുന്നത് ….പിന്നെ വൻതോതിൽ പ്രചരിക്കുന്ന ഇവയുടെ മാംസത്തിന്റെ ഗുണവശങ്ങളും ഇവയുടെ വളര്ച്ച്ചയ്ക്ക് ഭീഷണിയായി …..പിടികൂടുന്ന ഇവയെ ഒരിക്കൽ പോലും കാട്ടിലേയ്ക് തിരിച്ചയക്കാൻ ആരും മിനക്കെടാറില്ല …..പ്രത്യേകിച്ച് മേൽപ്പറഞ്ഞ പൊന്നുടുമ്പിനെ കിട്ടിക്കഴിഞ്ഞാൽ ….ദക്ഷിണേന്ത്യയിലും മറ്റും ഇവയെ വേട്ടയാടുന്നതിന്റെ പ്രധാന വിശ്വാസം വളരെ വിചിത്രമാണ് ….ലൈംഗീക സംബന്ധമായ രോഗങ്ങൾക്ക് ഇവയുടെ കരളും നാവും ഭക്ഷിച്ചാൽ അത്യുത്തമമെന്നു പ്രചരിക്കുന്നുവത്രെ … മറ്റൊന്ന് തൊലിക്ക് വേണ്ടി തന്നെയാണ് …ചെരിപ്പും …പഴ്സും മറ്റുമൊക്കെ നിർമ്മിക്കാന്‍ …! ഔഷധഗുണത്തിൽ …കൊളസ്‌ട്രോളിന്റെ സാന്നിധ്യം ലവലേശമില്ലാത്ത ഇതിന്റെ ഇറച്ചി ആസ്മ മുതൽ പൈൽസിന് വരെ ഉത്തമമെന്നു വൻ തോതിൽ പ്രചരിക്കുന്നു …..

ഇവയുടെ പ്രത്യത്പാദനരീതിയിൽ വിചിത്രത ഏറെയുണ്ട് ….പെൺ ഉടുമ്പുകൾക്ക് വേണ്ടി ആൺ വര്ഗങ്ങള് യുദ്ധങ്ങൾ നടത്താറുണ്ട് …മറ്റു ഉരഗങ്ങളുടെ സ്വഭാവം പോലെ തന്നെ വിഹാര നിയന്ത്രണങ്ങളിലും ഈ കരുത്തിനെ അവർ ഉപയോഗിക്കും …ഏകപത്നീ ..ഏക പതീ സ്വഭാവമാണ് ഇതിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് …വംശ നാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ ICUN റെഡ് ലിസ്റ്റ് പ്രകാരം ഉടുമ്പുകളുടെ പ്രധാനമായും അഞ്ചുതരം വർഗ്ഗങ്ങൾ ആഗോള തലത്തിൽ കടുത്ത വംശ നാശ ഭീഷണി നേരിടുന്നതായി കണ്ടെത്തി… ഒടുവിൽ ഇവയ്ക്ക് സംരക്ഷണം ഏർപ്പെടുത്താൻ അന്തരാഷ്ട്ര തലത്തിൽ നീക്കങ്ങൾ ആരംഭിച്ചു ….ഇന്ത്യയിൽ വന്യ ജീവി നിയമപ്രകാരം ഇവയെ വേട്ടയാടുവാനോ ,കടത്തുവാനോ കയ്യിൽ വെയ്ക്കുവാനോ നിയമില്ല ..ജാമ്യമില്ലാ കുറ്റമാണത് .. എങ്കിലും ഈ പാവത്തിനെ കിട്ടിയാൽ വിടരുത് എന്ന തത്വം വാമൊഴിയായി പറഞ്ഞു പോകുന്നു …അമ്പതിനായിരം വർഷങ്ങൾക്ക് മുൻപ് എതിരിട്ടു നില്ക്കാൻ ഒത്ത ശത്രുവിന്റ അഭാവം കൊണ്ടും …പരിണാമത്തിലെ മന്ദതയും കൊണ്ടും അസാധാരണ വലിപ്പം വെച്ച ഇവരുടെ പൂർവീകരിൽ ഇന്ന് കൊമോഡോ ഡ്രാഗൺ മാത്രമേ ഭാഗികമായി നിലനിൽക്കുന്നുള്ളൂ …. .കുറച്ചു കാലങ്ങൾ കൂടി ആവാസ വ്യവസ്ഥയിലെ ഈ പ്രതിനിധികൾ ഓർമ്മ മാത്രമാകും.. വെറും പുസ്തകത്താളുകളിൽ …..!!!

 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us