സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച ഇന്ദ്രജിത്, രാഷ്ട്രീയസമ്മർദം എസ്ഐടി അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ഗൗരി വധത്തിന്റെ പേരിൽ ചിലർ കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യുന്നതു മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാത്ത ഇന്ദ്രജിത്തിനു കേസിന്റെ അന്വേഷണ പുരോഗതിയെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു കവിത ലങ്കേഷിന്റെ മറുപടി.
ഗൗരിയുടെ 56ാം ജന്മദിനത്തിൽ ചാമരാജ്പേട്ടിൽ അവരുടെ സ്മൃതി മണ്ഡപത്തിൽ മെഴുകുതിരി കത്തിച്ച ശേഷമാണ് ഇന്ദ്രജിത് എസ്ഐടി അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ചത്. ഗൗരി കൊല്ലപ്പെട്ടിട്ട് അഞ്ച് മാസമായി. അന്വേഷണവുമായി പൂർണമായും സഹകരിക്കുകയും ചെയ്തു. പക്ഷേ, സർക്കാരിൽ നിന്നുള്ള സമ്മർദത്താൽ ഒരു ദിശയിൽ മാത്രമാണ് എസ്ഐടി അന്വേഷണം നടക്കുന്നതെന്നാണ് തോന്നുന്നത്.
അതിനാൽ അഭിഭാഷകരുമായി ചർച്ച നടത്തിയ ശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കും. കുറ്റവാളികളുടെ രേഖാചിത്രം പുറത്തുവിട്ട ദിവസംമുതലാണ് എസ്ഐടി അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടത്. മുഖം മറയ്ക്കും വിധം ഹെൽമറ്റ് ധരിച്ച വ്യക്തികളുടെ സിസി ക്യാമറ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി ഇത്ര വിശദമായ രേഖാചിത്രങ്ങൾ അതിലൊന്നിൽ നെറ്റിയിൽ രക്തചന്ദനക്കുറി പോലും കാണത്തക്കവിധം തയാറാക്കിയതിനെയും ഇന്ദ്രജിത് ചോദ്യം ചെയ്തു. ഗൗരിയുടെ മരണം ബ്രിട്ടിഷ്–അമേരിക്കൻ പാർലമെന്റുകളിൽ ഉൾപ്പെടെ രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെട്ടതായതിനാൽ സിബിഐ അന്വേഷണം അനിവാര്യമാണ്.
ഗൗരിയുടെ കൊലപാതകം ബെംഗളൂരുവിൽ നടന്നതിനാലും അത് എസ്ഐടി അന്വേഷിക്കുന്നതിനാലും കൊലയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും സംസ്ഥാന സർക്കാരിനോടാണ് ഉന്നയിക്കേണ്ടത്. ഇതിന്റെ പേരിൽ ആളുകൾ കേന്ദ്രത്തെ ചോദ്യം ചെയ്യുന്നതു മനസ്സിലാവുന്നില്ല. ടൗൺഹാളിൽ നടക്കുന്ന ഗൗരി ജന്മദിനാഘോഷത്തിൽ പങ്കെടുക്കില്ലെന്നും ഇന്ദ്രജിത് വ്യക്തമാക്കിയിരുന്നു.
സിബിഐ അന്വേഷണം വേണമെന്നത് ഇന്ദ്രജിത്തിന്റെ സ്വന്തം തീരുമാനമാണെന്നും എസ്ഐടി അന്വേഷണം തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും കവിത ലങ്കേഷ് പ്രതികരിച്ചു.
കുടുംബാംഗങ്ങൾ എല്ലാവർക്കും വേണ്ടി മകൻ തീരുമാനം എടുക്കാൻ തങ്ങളുടേതു വർഗാധിപത്യമുള്ള കുടുംബമല്ല. അന്വേഷണ സംഘവുമായി ബന്ധപ്പെടാത്ത ഇന്ദ്രജിത്തിനു എസ്ഐടി അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് അറിയില്ല. തെളിയിക്കപ്പെടാത്ത 13ൽ അധികം കേസുകൾ സിബിഐയുടെ കൈവശമുണ്ട്. അതിനാൽ അവരെങ്ങനെ ഗൗരിവധാന്വേഷണത്തെ സഹായിക്കും? ഞങ്ങൾ എസ്ഐടിയുമായി ബന്ധപ്പെടുകയും അന്വേഷണ പുരോഗതി അവർ അറിയിക്കുകയും ചെയ്യുന്നുണ്ട്. അന്വേഷണം ഇഴയുന്നതിൽ സർക്കാരിനെതിരെ പ്രതിഷേധിക്കണമെന്നാണ് ഇന്ദ്രജിത്തിന്റെ താൽപര്യമെങ്കിൽ അതിനും ഒപ്പമുണ്ടാകും. എന്നാൽ സിബിഐ അന്വേഷണം വേണ്ടെന്നാണ് ഞങ്ങളുടെ ഇതുവരെയുള്ള നിലപാട്.
ഗൗരി വധത്തിൽ എസ്ഐടിക്കു നിർണായക തെളിവ് ലഭിച്ചതായി റിപ്പോർട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്തുനിന്നു ലഭിച്ച വെടിത്തിര അന്വേഷണത്തിൽ കണ്ടെത്തിയ ആയുധവുമായി യോജിക്കുന്നതായാണ് കണ്ടെത്തൽ. അനധികൃത ആയുധ ഇടപാടുകാരിൽ നിന്നു പിടിച്ചെടുത്ത തോക്കുകളിൽ 45 എണ്ണം ഈ വെടിത്തിരകളുമായി യോജിക്കുന്നതായി എസ്ഐടിയുമായി അടുപ്പമുള്ളവർ പറയുന്നു.
രേഖാചിത്രം പുറത്തുവിട്ടതിനു പിന്നാലെ എത്തിയ ഫോൺവിളികളിൽ ഒന്നിൽനിന്നു ലഭിച്ച വിവരങ്ങളും കൊലപാതകിയിലേക്കു നേരിട്ടു വിരൽ ചൂണ്ടുന്നതാണ്. രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽ സെപ്റ്റംബർ അഞ്ചിനാണ് അജ്ഞാതരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. കേസ് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച എസ്ഐടി രണ്ടു പ്രതികളുടേതെന്നു സംശയിക്കുന്ന മൂന്നു രേഖാചിത്രങ്ങളും വീടിനു സമീപത്തുനിന്നുള്ള സിസി ക്യാമറ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. പ്രതികളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്കു 10 ലക്ഷം രൂപ സമ്മാനവും പ്രഖ്യാപിച്ചു.