ബെംഗളൂരു ∙ പ്രദേശവാസികളുടെ എതിർപ്പ് വിഫലമാക്കി നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ കന്റോൺമെന്റ് മെട്രോ സ്റ്റേഷൻ ബാംബൂ ബസാറിൽ തന്നെ നിർമിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ(ബിഎംആർസിഎൽ) തീരുമാനിച്ചു. പാതമാറ്റം സംബന്ധിച്ച് സമീപകാലത്ത് വീണ്ടും നടത്തിയ സർവേയ്ക്കു ശേഷമാണ് ബിഎംആർസിഎൽ നിർണായക തീരുമാനമെടുത്തത്. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വളരെ മാറിയുള്ള മെട്രോ സ്റ്റേഷനെതിരെ പ്രദേശവാസികളുടെയും പൗരസമിതികളുടെയും എതിർപ്പിനെ തുടർന്നാണ് ഇവിടെ വീണ്ടും സർവേ നടത്തിയത്.
നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ ആദ്യ രൂപരേഖ അനുസരിച്ച് ഇവിടെ റെയിൽവേ സ്റ്റേഷനോടു ചേർന്നാണ് ഭൂഗർഭമെട്രോയും പാതയും നിർമിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടി സ്റ്റേഷൻ ഇവിടെ നിന്ന് 300–400 മീറ്റർ അകലെ ബാംബൂ ബസാറിനു സമീപത്തേക്കു മാറ്റാൻ തീരുമാനിച്ചു. ഇത് ഈ ഭാഗത്തെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രദേശവാസികളും ഇരു സ്റ്റേഷനുകളും തമ്മിലുള്ള ദൂരം യാത്രക്കാർക്കു ബുദ്ധിമുട്ടാകുമെന്നു ചൂണ്ടിക്കാട്ടി പൗരസമിതികളും പ്രതിഷേധവുമായി രംഗത്തെത്തി.
എതിർപ്പ് ശക്തമായതോടെയാണ് മാസങ്ങൾക്കു മുൻപ് ബിഎംആർസിഎൽ വീണ്ടും സർവേ നടത്തിയത്. അതേസമയം ബാംബൂബസാർ വഴിയുള്ള പാത മാറ്റുന്നതു ഗോട്ടിഗെരെ–നാഗവാര മെട്രോപാതയുടെയും(റെഡ്ലൈൻ), വിമാനത്താവള മെട്രോപാതയുടെയും നിർമാണം തടസ്സപ്പെടുത്തുമെന്നു ബിഎംആർസിഎൽ എംഡി മഹേന്ദ്ര ജെയിൻ പറഞ്ഞു. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനോട് ചേർന്നു മെട്രോ സ്റ്റേഷൻ നിർമിക്കുന്നതു സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമല്ല.
വിമാനത്താവള മെട്രോപാതയ്ക്കു സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. എന്നാൽ കന്റോൺമെന്റ് വഴിയുള്ള ഗോട്ടിഗെരെ പാത പൂർത്തിയാകാതെ വിമാനത്താവളത്തിലേക്കു മെട്രോയാത്ര സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനു സമീപത്തു കൂടിയുള്ള പാതയ്ക്ക് ആയിരം കോടിയോളം രൂപ കൂടുതൽ ചെലവാകുമെന്നതിനു പുറമെ ഇതു സുരക്ഷാ വെല്ലുവിളിയും ഉയർത്തുമെന്നാണ് ബിഎംആർസിഎൽ വാദം. റെയിൽവേ സ്റ്റേഷനു സമീപത്തു 40 മീറ്ററോളം ആഴത്തിൽ വേണം ഭൂഗർഭമെട്രോ പാത നിർമിക്കാൻ. ഈ പാതയിൽ വലിയ വളവ് ഉള്ളതിനാൽ മെട്രോ ട്രെയിനുകൾക്ക് വേഗത്തിൽ സഞ്ചരിക്കാനുമാകില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.