ഈ ദിവസങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ നയിക്കുന്ന പരിവർത്തന യാത്ര ജില്ലയിൽ പ്രവേശിക്കുന്നതു നേരത്തേ വിലക്കിയിരുന്നു. വേണ്ടത്ര സുരക്ഷ ഒരുക്കാൻ കഴിയില്ലെന്നു പൊലീസ് അറിയിച്ചതിനാലാണിത്. സംഘർഷസാധ്യത കണക്കിലെടുത്ത് ഉഡുപ്പി, കോലാർ ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു.
കലബുറഗി, മൈസൂരു, ചിത്രദുർഗ എന്നിവിടങ്ങളിലും പൊതുപരിപാടികൾ നടത്തുന്നതിനു പൊലീസ് വിലക്കേർപ്പെടുത്തി. കുടകിൽ ഇന്നു ബന്ദ് ആചരിക്കാൻ ടിപ്പുജയന്തി വിരുദ്ധ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു അഡീഷനൽ എസ്പി, എട്ടു ഡപ്യൂട്ടി എസ്പി, 23 സിഐ, 68 എസ്ഐ, 113 എഎസ്ഐ എന്നിവരാണു കുടകിൽ സുരക്ഷയ്ക്കു മേൽനോട്ടം വഹിക്കുക. ജില്ലയിലേക്കുള്ള 10 ചെക് പോസ്റ്റുകളിലായി 40 സിസി ക്യാമറകൾ സ്ഥാപിച്ചു. ബെംഗളൂരുവിൽ ഇന്നലെ വൈകിട്ടുവരെ ആരെയും കരുതൽ കസ്റ്റഡിയിൽ എടുക്കുകയോ നിരോധനാജ്ഞ പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ സാഹചര്യം വന്നാൽ ഇവിടെയും നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനിൽകുമാർ പറഞ്ഞു. ബെംഗളൂരുവിലും സംസ്ഥാന സർക്കാരിന്റേതല്ലാത്ത പ്രകടനങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ല. നഗരത്തിലാകെ 11000 പൊലീസ് ഉദ്യോഗസ്ഥരെയാണു സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. പ്രശ്നബാധിത മേഖലകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. കോൺഗ്രസ് സർക്കാരിന്റെ നേതൃത്വത്തിൽ രണ്ടുവർഷം മുൻപ് ആരംഭിച്ച ടിപ്പുജയന്തി ആഘോഷങ്ങൾക്കെതിരെ ബിജെപി, ആർഎസ്എസ് എന്നിവയ്ക്കു പുറമേ വിവിധ പ്രാദേശിക–സാമുദായിക സംഘടനകളും രംഗത്തുണ്ട്.
മൈസൂരു, ബെംഗളൂരു, കലബുറഗി, കുടക് എന്നിവിടങ്ങളിൽ ടിപ്പുജയന്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പ്രകടനങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി നടന്നു. മൈസൂരുവിന്റെ സ്വാതന്ത്ര്യപ്പോരാളി എന്നു വിശേഷിപ്പിച്ചാണ് എല്ലാ വർഷവും നവംബർ 10നു സർക്കാർ ടിപ്പുജയന്തി ആഘോഷിക്കാൻ തീരുമാനിച്ചത്. എന്നാൽ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണു കോൺഗ്രസ് നീക്കമെന്നും ടിപ്പു സുൽത്താൻ രാജ്യസ്നേഹിയല്ലെന്നും ബിജെപി ആരോപിക്കുന്നു. രണ്ടുവർഷം മുൻപ് ആദ്യ ടിപ്പുജയന്തി ആഘോഷത്തിനിടെ ഉണ്ടായ സംഘർഷങ്ങളിൽ കുടക് ജില്ലയിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. കുടക് സ്വദേശി പൊതുതാൽപര്യ ഹർജി സമർപ്പിച്ചെങ്കിലും ഇടക്കാല സ്റ്റേ ഏർപ്പെടുത്താൻ ഹൈക്കോടതി വിസമ്മതിച്ചതോടെയാണു മൂന്നാംവർഷവും ടിപ്പുജയന്തി ആഘോഷത്തിനു വഴിയൊരുങ്ങിയത്.