ബെള്ളാരി ∙ വിജയനഗര സാമ്രാജ്യത്തിന്റെ പ്രൗഢിയും പാരമ്പര്യവും നിറഞ്ഞുനിന്ന വേദിയിൽ മൂന്നുദിവസത്തെ ഹംപി ഉത്സവത്തിനു തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി സന്തോഷ് ലാഡ് അധ്യക്ഷത വഹിച്ചു. ഒൻപതു വേദികളിലെ കലാസാംസ്കാരിക പരിപാടികൾക്കും തുടക്കമായി.
വിജയ വിറ്റാല ക്ഷേത്രം, വിരുപക്ഷ ക്ഷേത്രം, കൃഷ്ണ ബസാർ, ഗായത്രിപീഠം, കമലാപുര, അനേസലു മണ്ഡപം, കടലേക്കലു ഗാനപ, ശശിവേകലു ഗാനപ എന്നിവിടങ്ങളിലായാണു ദൃശ്യ നൃത്ത സംഗീത വിരുന്ന്. കർണാടക വൈഭവ് എന്ന പേരിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ പുതുമയുള്ള അനുഭവമായി.
കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള സംഗീത നാടക ഡിവിഷൻ ഒരുക്കുന്ന ‘വിജയനഗര വൈഭവി’ൽ 100 കലാകാരൻമാരാണ് അണിനിരന്നത്. വൈകിട്ട് ഏഴുമുതൽ ഒൻപതുവരെ കമൽ മഹൽ കോംപ്ലക്സിൽ നടക്കുന്ന കർണാടക വൈഭവ് ഏഴിനു സമാപിക്കും. റഷ്യ, ഓസ്ട്രിയ, ഈജിപ്ത്, ഹംഗറി എന്നിവിടങ്ങളിൽനിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തവുമുണ്ട്. ‘നമ്മ ഊട്ട’ എന്ന പേരിൽ നാടൻഭക്ഷ്യമേളയ്ക്കും തുടക്കമായി.
ചരിത്രസ്മാരകങ്ങളെ കോർത്തിണക്കിയുള്ള ത്രിഡി മാപ്പിങ് പ്രദർശനവും ധാരാളം പേരെ ആകർഷിക്കുന്നു. ഹംപി ഉത്സവത്തോടനുബന്ധിച്ച് ഇന്നുമുതൽ ഞായറാഴ്ച വരെ കർണാടക ആർടിസി ഹൊസ്പേട്ടിൽനിന്നു ഹംപിയിലേക്കു സ്പെഷൽ ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടക ടൂറിസം വികസന കോർപറേഷൻ, കന്നഡ സാംസ്കാരിക വകുപ്പ്, കർണാടക ശിൽപകലാ അക്കാദമി എന്നിവയുടെ സഹകരണത്തോടെയുള്ള ഉത്സവം നാളെ സമാപിക്കും.
ഹംപി ഉത്സവത്തോടനുബന്ധിച്ചുള്ള കലാവിരുന്നിൽ കേരളീയ കലാരൂപങ്ങൾ ഇന്ന് അരങ്ങേറും. ഹൊസ്പേട്ടിലെ കൈരളി കൾച്ചറൽ അസോസിയേഷനിലെ കലാകാരൻമാരാണു തിരുവാതിര, ഒപ്പന, മോഹിനിയാട്ടം തുടങ്ങിയവ അവതരിപ്പിക്കുന്നത്.