ഐആർഎൻഎസ്എസ്-1എച്ച് ഉപഗ്രഹ വിക്ഷേപണം 31ന്

ബംഗളൂരു∙ ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്-1എച്ച് ഈ മാസം 31ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ. ഏഴ് ദിശാസൂചക ഉപഗ്രഹങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ശ്രേണിയിലെ ഐആർഎൻഎസ്എസ്- 1 എയുടെ അനുബന്ധ സേവനങ്ങൾക്കുള്ള ബായ്ക്കപ്പായാണ് പിഎസ്എൽവി സി-39 റോക്കറ്റ് ഉപയോഗിച്ച് 1എച്ച് വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വൈകിട്ട് 6.59നാണ് വിക്ഷേപണം.

ഐആർഎൻഎസ്എസ്-1 എയിലെ മൂന്ന് റൂബീഡിയം ക്ലോക്കുകൾ പ്രവർത്തനം നിലച്ച സാഹചര്യത്തിലാണ് പിന്തുണയ്ക്കാനുള്ള 1400 കിലോ ഭാരമുള്ള 1 എച്ച് ഉപഗ്രഹം അയയ്ക്കുന്നത്. യുഎസ് അധിഷ്ഠിത ജിപിഎസ് ശൃംഖലാ ഉപഗ്രഹങ്ങളോടു കിടപിടിക്കും വിധമുള്ള തദ്ദേശ ജിപിഎസ് സംവിധാനമാണ് ഐആർഎൻഎസ്എസ് ശ്രേണിയിലൂടെ ഇന്ത്യ കൈവരിച്ചത്.

സമുദ്രസഞ്ചാരം, ദുരന്തനിവാരണം, ജിപിഎസ് സംവിധാനങ്ങൾ തുടങ്ങിയവയ്ക്കായുള്ള ഈ ശ്രേണിയെ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവ് ഐസി) എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാമകരണം ചെയ്തിരുന്നു. ഈ ശ്രേണിയിലെ ഏഴാമത്തെ ഉപഗ്രഹമായ ഐആർഎൻഎസ്എസ് -1 ജി 2016 ഏപ്രിൽ 28നാണ് വിക്ഷേപിച്ചത്. ഐആർഎൻഎസ്എസ്-1എ മുതൽ1എഫ് വരെയുള്ള ആറ് ഉപഗ്രഹങ്ങൾ 2013 ജൂലൈ രണ്ടു മുതൽ 2016 മാർച്ച് 10 വരെ കാലയളവിൽ വിക്ഷേപിച്ചിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us