കൊച്ചി:മന്ത്രി കെ.കെ. ശൈലജയേയും സംസ്ഥാന സർക്കാരിനെയും കൂടുതൽ പ്രതിസന്ധിയിലാക്കി ശൈലജയ്ക്കെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ പരാമർശങ്ങൾ സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണത്തോടെയാണ് സിംഗിൾ ബെഞ്ചിന്റെ പരാമർശം സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചത്. കമ്മിഷൻ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് നടത്തിയത് ലളിതമായ വിമർശനമാണെന്നും വ്യക്തമാക്കി. ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് കൂടുതൽ ഊർജം പകരുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.
ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാൻ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിർദേശിച്ചത് അവർക്ക് താൽപര്യമുള്ളവരെ തിരുകികയറ്റാനാണെന്ന വാദത്തിൽ കഴമ്പുണ്ടെന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയത്. സിപിഎം പ്രവർത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ഈ പരാമർശം നീക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ടംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
നിയമനത്തിനുള്ള സമയപരിധി നീട്ടിയത് കൂടുതൽ അപേക്ഷകരെ ഉൾപ്പെടുത്തുന്നതിനു വേണ്ടിയാണെന്നാണു മന്ത്രി വാദിച്ചത്. തന്റെ ഭാഗം കേൾക്കാതെയാണ് ഉത്തരവുണ്ടായതെന്നും വഴിവിട്ട ഒരിടപെടലും ഉണ്ടായിട്ടില്ലെന്നുമായിരുന്നു കെ.കെ.ശൈലജയുടെ വാദം. അതേസമയം, ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനനടപടി നീട്ടിക്കൊണ്ടുപോയ സംസ്ഥാന സർക്കാർ, ഇതേപേരിൽ സുപ്രീം കോടതിയിൽ അരലക്ഷം രൂപ പിഴ ഒടുക്കേണ്ടിയും വന്നു. ബാലാവകാശ കമ്മിഷനിലെ ഒഴിവുകൾ ഒരു ദിവസം പോലും വൈകാതെ നികത്തണമെന്ന സുപ്രീം കോടതി നിർദേശത്തിനു വിരുദ്ധമായി, നിയമന നടപടി നീട്ടിക്കൊണ്ടുപോയതിന്റെ പേരിലാണു പിഴയടയ്ക്കാൻ കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പരമോന്നത കോടതി ഉത്തരവിട്ടത്.
കമ്മിഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബർ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബർ 30 ആയിരുന്നു അവസാന തീയതി. പിന്നീട് അവസാന തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിൻ അലക്സ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിൽ പിഴ കെട്ടിയതിനു പിന്നാലെ ഏപ്രിൽ 29 നു സംസ്ഥാന സർക്കാർ ആറംഗങ്ങളുടെ നിയമനം നടത്തിയെങ്കിലും ഇതിൽ ടി.ബി.സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസർകോട്) എന്നിവരുടെ നിയമനമാണു കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.