മോഡിക്ക് കനത്ത തിരിച്ചടി;നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണു നടപ്പിലാക്കേണ്ടിയിരുന്നതെന്നു സുപ്രീം കോടതി;

ന്യൂഡൽഹി: നോട്ട് അസാധുവാക്കലിൽ കേന്ദ്രസർക്കാരിനു സുപ്രീം കോടതിയിൽ നിന്നു വീണ്ടും തിരിച്ചടി. സർക്കാരിനോടു നിരവധി ചോദ്യങ്ങൾ ചോദിച്ച സുപ്രീം കോടതി നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണു നടപ്പിലാക്കേണ്ടിയിരുന്നതെന്നും വ്യക്തമാക്കി. സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

കേന്ദ്രസർക്കാരിനോട് ഒൻപതു ചോദ്യങ്ങളാണു കോടതി ചോദിച്ചത്. എപ്പോഴാണ് നോട്ട് അസാധുവാക്കാൻ തീരുമാനമെടുത്തത്? തീരുമാനം തീർത്തും രഹസ്യമായിരുന്നോ? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിൻവലിക്കാൻ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ? തുടങ്ങിയ ചോദ്യങ്ങളാണു കോടതി ചോദിച്ചത്.

നോട്ട് അസാധുവാക്കലിനെതിരെ നൽകിയ ഹർജിയും സഹകരണ ബാങ്കുകൾ നൽകിയ ഹർജിയും ഒരുമിച്ചാണു കോടതി ഇന്നു പരിഗണിച്ചത്. സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസർക്കാരിന്റെ വിവേചനം തെറ്റെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിരോധനമല്ല, ബുദ്ധിപരമായ നിയന്ത്രണമാണു വേണ്ടത്. വ്യവസ്ഥകളോടെ നിക്ഷേപം സ്വീകരിക്കാനാകില്ലേയെന്നും കോടതി ചോദിച്ചു.

നോട്ട് പിൻവലിക്കലിനെ തുടർന്ന് ജില്ലാ ബാങ്കുകൾ പ്രവർത്തിക്കുന്നതിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ജില്ലാ ബാങ്കുകൾക്ക് എന്തുകൊണ്ട് നോട്ട് മാറ്റി നൽകാൻ അവകാശം നൽകിയില്ലെന്നും ഈ ബാങ്കുകളിലെ നിക്ഷേപം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. വലിയ നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിന് ശേഷം കൈവശമുള്ള പണം നിക്ഷേപകർക്ക് നൽകാൻ സാധിക്കുന്നില്ലെന്നും വലിയ പ്രതിസന്ധിയിലാണെന്നും ബാങ്ക് അധികൃതർ കോടതിയെ അറിയിച്ചു. ഇതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചത്.

ജില്ലാ ബാങ്കുകൾ കെവൈസി പാലിക്കുന്നില്ലെന്നും കള്ളനോട്ടുകൾ തിരിച്ചറിയാനുള്ള സൗകര്യങ്ങളും ഡിജിറ്റൽ സംവിധാനവും ജില്ലാ ബാങ്കുകൾക്ക് ഇല്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. വൃക്തികളുടെ അക്കൗണ്ടുകളേക്കാൾ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് ജില്ലാ ബാങ്കുകളിൽ ഉള്ളതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

നോട്ട് പിൻവലിക്കലിന് ശേഷം ഒരാൾക്ക് അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്ന തുക 24,000 ആയി നിജപ്പെടുത്തിയിട്ടും ഇതു പോലും ലഭിക്കാത്തതിനെയും സുപ്രീം കോടതി ചോദ്യം ചെയ്തു. 24,000 രൂപ പിൻവലിക്കാൻ എത്തുന്നവരോട് പണമില്ലെന്ന് പറഞ്ഞ് ബാങ്കുകൾ തിരിച്ചയയ്ക്കുവെന്നും 24,000 രൂപ ആവശ്യപ്പെടുന്ന ഒരാൾക്ക് കുറഞ്ഞത് എത്രരൂപ നൽകാൻ കഴിയുമെന്ന് വ്യക്തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു. പരാതികൾ ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹർജി ഈ മാസം 14ന് വീണ്ടും പരിഗണിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us