തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളില്‍ സാധാരണക്കാരാണ് കൊല്ലപ്പെടാറുള്ളതെന്ന നടന് ശ്രീനിവാസന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സാധാരണക്കാര്‍ മാത്രമല്ല, നേതാക്കളും പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. അഴീക്കോടന്‍ രാഘവനും കുഞ്ഞാലിയുമെല്ലാം ഇതിനുദാഹരണമാണ്. ഇക്കാര്യങ്ങള്‍ കുപ്രചാരകര്‍ മറന്നു പോകരുതെന്നും കോടിയേരി വ്യക്തമാക്കി.
രക്തസാക്ഷികളെ ഉണ്ടാക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞുവെന്ന് നേരത്തെ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കവെ ശ്രീനിവാസന് വ്യക്തമാക്കിയിരുന്നു. രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് നേതാക്കന്മാരുടെ തന്ത്രമാണ്. രക്തസാക്ഷികളുടെ ഫ്ലെക്സ് വെച്ച് ജനകീയ വികാരമുയര്‍ത്തി പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ വിശ്വാസം. പക്ഷേ, ഈ ഫ്ലെക്സുളിലൊക്കെ, നേതാക്കന്മാരില്ല, അവര്‍ കൊലക്കുകൊടുക്കുന്ന അണികളുടെ ചിത്രം മാത്രമാണുള്ളത്. സ്വമേധയാ മരിക്കാന്‍ പോകുന്നതല്ല, നിവൃത്തികേടുകൊണ്ടും നേതാക്കന്മാരുടെ ‘മസ്തിഷ്ക പ്രക്ഷാളനം’ കൊണ്ടുമാണ് രക്തസാക്ഷികളുണ്ടാകുന്നത്.
വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നത നേതാക്കളെല്ലാം അകമഴിഞ്ഞ സൗഹൃദത്തിലാണ്. കാണുമ്പോഴൊക്കെയും സൗഹൃദം പുതുക്കും. വ്യക്തിപരമായ വിശേഷദിവസങ്ങളിലെല്ലാം അവര്‍ പരസ്പരം ക്ഷണിക്കും, ഒത്തുകൂടും. പക്ഷേ, വെട്ടാനും മരിക്കാനും നടക്കുന്ന അണികള്‍ക്ക് കിട്ടുന്നത് ജയിലറയും കണ്ണീരും മാത്രം. അവന്‍െറ വീട്ടിലേയുള്ളൂ വിധവയും അനാഥരും. ഈ നേതാക്കന്മാരുടെ വീടുകളിലൊന്നും അനാഥരോ വിധവകളോ ഇല്ല. ഇനിയെങ്കിലും അണികള്‍ മനസ്സിലാക്കണം, നഷ്ടപ്പെടുന്നത് നിങ്ങള്‍ക്കുമാത്രമാണെന്ന്. കക്കല് മാത്രമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുലക്ഷ്യം. ഈ മഹാരാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കട്ടുമുടിച്ചു. അംബാനിമാരുടെയും അദാനിമാരുടെയും ഇന്ത്യയാണിപ്പോഴുള്ളത്’ -ശ്രീനിവാസന് പറഞ്ഞു