ന്യൂഡല്‍ഹി : ബിസിസിഐക്ക് കനത്ത തിരിച്ചടിയായി ജസ്റ്റിസ് ആര്‍ എം ലോധ കമ്മിറ്റി ശുപാര്‍ശകള്‍ക്ക് സുപ്രീംകോടതിയുടെ അംഗീകാരം. പ്രവര്‍ത്തനത്തിലെ സുതാര്യത മറച്ചുവയ്ക്കാനുള്ള ബിസിസിഐയുടെ ശ്രമങ്ങളുടെ അവസാനമാണ് സുപ്രീംകോടതിയുടെ വിധിയിലൂടെയുണ്ടായത്.
ബിസിസിഐക്ക് വന്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയ ഐപിഎലിലെ വാതുവയ്പ് വിവാദത്തോടെയാണ് സുപ്രീംകോടതി ഇന്ത്യന്‍ ക്രിക്കറ്റ് നടത്തിപ്പില്‍ ഇടപെട്ടത്. ഐപിഎലിലെ മുന്‍ ഫ്രാഞ്ചൈസികളായ രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകളുടെ ഉടമസ്ഥര്‍തന്നെ വാതുവയ്പില്‍ ഇടപെട്ടതായി സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തി. ഇതിനുശേഷമാണ് ബിസിസിഐ ശുദ്ധികലശം ലക്ഷ്യമിട്ട് കോടതി ജസ്റ്റിസ് ആര്‍ എം ലോധയുടെ അധ്യക്ഷതയില്‍ 2015 ജനുവരി 22ന് പുതിയ കമ്മിറ്റിയെ നിയമിച്ചത്.
ബിസിസിഐയുടെ അധികാരത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ജനുവരി നാലിന് ലോധാ സമിതിയുടെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതിക്കു സമര്‍പ്പിച്ചത്. ശുപാര്‍ശകളില്‍ ബിസിസിഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും ശക്തമായ എതിര്‍പ്പും രേഖപ്പെടുത്തി. സാമ്പത്തികകാര്യങ്ങളിലും അംഗങ്ങളുടെ തെരഞ്ഞെടുപ്പിലും സുതാര്യത വരുത്തുന്നതായിരുന്നു സമിതിയുടെ നിര്‍ദേശങ്ങളെല്ലാം. അതില്‍ ഒരാള്‍ക്ക് ഒരു പദവി മാത്രം, 70 വയസ്സിനു മുകളിലുള്ളവര്‍ക്ക് അംഗത്വം അനുവദിക്കരുത്, ബിസിസിഐയില്‍ കളിക്കാരുടെ അസോസിയേഷന് രൂപംകൊടുക്കണം, ഒരു സംസ്ഥാനത്തിന് ഒരു വോട്ട് – തുടങ്ങി ജസ്റ്റിസ് ലോധാ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകളെല്ലാം ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് എഫ് എം ഐ ഖലീഫുള്ള എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് അംഗീകരിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിനും കായികരംഗത്തിനും മഹത്തായ ദിവസമാണിതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ആര്‍ എം ലോധ പ്രതികരിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജിമാരായ അശോക് ബെന്‍, ആര്‍ രവീന്ദ്രന്‍ എന്നിവരാണ് ലോധാ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
ഒരു സംസ്ഥാനത്തിന് ഒരു വോട്ട് മാത്രമെന്ന ശുപാര്‍ശയില്‍ ഒന്നില്‍ക്കൂടുതല്‍ ക്രിക്കറ്റ് അസോസിയേഷനുകളുള്ള മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മാറിമാറി വോട്ട് രേഖപ്പെടുത്താമെന്ന് നിര്‍ദേശമുണ്ട്. ഒരു അസോസിയേഷന് പൂര്‍ണ അംഗത്വവും വോട്ടവകാശവും നല്‍കുമ്പോള്‍ നാഷണല്‍ ക്രിക്കറ്റ് ക്ളബ്, ക്രിക്കറ്റ് ക്ളബ് ഓഫ് ഇന്ത്യ, റെയില്‍വേ സ്പോര്‍ട്സ് പ്രൊമോഷന്‍ ബോര്‍ഡ്, അഖിലേന്ത്യാ സര്‍വകലാശാലകള്‍ തുടങ്ങിയവയ്ക്ക് വോട്ടിങ് അവകാശമില്ലാത്ത അസോസിയേറ്റ് അംഗത്വം അനുവദിക്കാം.
ഭരണസമിതിയിലെ ഒമ്പത് അംഗങ്ങളില്‍ രണ്ട് അനൌദ്യോഗിക അംഗങ്ങള്‍ (സെക്രട്ടറി, ട്രഷറര്‍), രണ്ട് നോമിനേറ്റഡ് അംഗങ്ങള്‍, ഐപിഎല്‍ കമ്പനി പ്രതിനിധികളായി രണ്ട് അംഗങ്ങള്‍, കളിക്കാരുടെ അസോസിയേഷന്റെ രണ്ട് പ്രതിനിധികള്‍ എന്നിവര്‍ക്കു പുറമെ സിഎജി പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണം. കളിക്കാരുടെ അസോസിയേഷനില്‍ അന്താരാഷ്ട്ര, ഫസ്റ്റ്ക്ളാസ് ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തണം.ജനങ്ങള്‍ക്ക് ബിസിസിഐയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അറിയാനുള്ള അവകാശമുണ്ട്, അതുകൊണ്ട് സംഘടനയെ വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. അനാവശ്യ നിയമങ്ങളും വിലക്കുകളുമാണ് വന്‍കിട വാതുവയ്പുകള്‍ക്ക് വഴിയൊരുക്കുന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ശന വ്യവസ്ഥകളോടെ ക്രിക്കറ്റില്‍ വാതുവയ്പപ്പ് നിയമാനുസൃതമാക്കാം– റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ ഇതാണ്.
ലോധാ കമ്മിറ്റി ശുപാര്‍ശകള്‍ അംഗീകരിക്കുന്നുണ്ടെന്നും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷായെ ഒംബുഡ്മാനാക്കിയത് ഇതിന് ഉദാഹരണമാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു. എന്നാല്‍, ബിസിസിഐ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധമായ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന വാദത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും അവര്‍ പറഞ്ഞു.
ബിസിസിഐയില്‍ സിഎജി പ്രതിനിധിയെ ഉള്‍പ്പെടുത്തുക, ഒരു സംസ്ഥാനത്തിന് ഒരു വോട്ട് തുടങ്ങിയ ശുപാര്‍ശകളുടെ കാര്യത്തിലാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. ശരദ് പവാര്‍ (മഹാരാഷ്ട്ര), എന്‍ ശ്രീനിവാസന്‍ (തമിഴ്നാട്), നിരഞ്ജന്‍ ഷാ (സൌരാഷ്ട്ര) തുടങ്ങി ബിസിസിഐയുടെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും 70 വയസ്സിനു മുകളിലുള്ളവര്‍ പാടില്ലെന്ന വ്യവസ്ഥ തിരിച്ചടിയാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.